
തിരുവനന്തപുരം: കേരളത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ഗെയില്‍ പദ്ധതി യാഥാര്‍ഥ്യം ആകില്ലായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങിലാണ് അദ്ദേഹം സംസ്ഥാനത്തിന് നന്ദി രേഖപ്പെടുത്തിയത്. ഫെഡറലിസത്തിന്റെ ഭാഗമായി, സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ക്ലാസിക് ഉദാഹരണമാണ് ഗെയില്‍ പദ്ധതി യാഥാര്‍ഥ്യമായതിലൂടെ കാണാനാകുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസങ്ങളും മറികടന്നത്. പ്രശ്‌നങ്ങള്‍ കാരണം 2014-ല്‍ പൈപ്പ് ലൈനിന്റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവച്ചതായിരുന്നു. 450 കിലോമീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്റെ 414 കിലോമീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രയാസങ്ങള്‍ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.
നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികള്‍ക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തടസങ്ങള്‍ മറികടക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. പ്രളയവും നിപ്പയും കൊവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. അവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
സിറ്റി ഗ്യാസ് വിതരണ ശൃംഖല വ്യാപകമാക്കാന്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ ലഭ്യത വര്‍ധിക്കും. ഫാക്ടിന്റെ വികസനത്തിനും നിര്‍ദിഷ്ട പെട്രോകെമിക്കല്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഊര്‍ജരംഗത്തും ഇതു വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.