ചങ്ങനാശേരിയിൽ കഞ്ചാവും ലഹരിയും ഒഴുകുന്നു: വീര്യം കൂടിയ ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ; എക്‌സൈസിന്റെ വ്യാപക പരിശോധനയിൽ അഞ്ചു യുവാക്കൾ പിടിയിൽ

ചങ്ങനാശേരി: ലോഡ്ജിൽ മുറിയെടുത്ത ശേഷം കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലും അടക്കം വീര്യം കൂടിയ ലഹരിമരുന്നുകളുമായി ഗുണ്ടാ മാഫിയ ബന്ധമുള്ള യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. ചങ്ങനാശ്ശേരിയിൽ ലോഡ്ജ് റൂം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് ടീമും, ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് സംയുക്തമായി പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ വാഴപ്പള്ളി കരയിൽ കൊച്ചുവീട്ടിൽ ജെഫിൻ സെബാസ്റ്റ്യനെ( 22) 600 മില്ലിഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകിയ ചങ്ങനാശ്ശേരി പുഴവാത് ഭാഗത്തുള്ള ഷാനവാസിനെ കേസിലെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്. ലോഡ്ജ് മുറിയിലുണ്ടായിരുന്ന ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ മതുമൂല കരയിൽ കൃഷ്ണാലയം വീട്ടിൽ കാർത്തികേയൻ (23) , ചങ്ങനാശ്ശേരി കുറിച്ചി ഇത്തിത്താനം കടുപ്പിൽ വീട്ടിൽ ഷാരോൺ ജെയിംസ്( 22), തൃക്കൊടിത്താനം പത്താം വാർഡിൽ ചെട്ടിത്തിക്കാട് വീട്ടിൽ റോക്‌സൺ റോയി എന്നിവരെ ആറു ഹാഷിഷ് ഓയിൽ കൈവശംവെച്ച കുറ്റത്തിനും അറസ്റ്റ് ചെയ്തു.

തുടർന്ന് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ കൊമേഷ്യൽ അളവിൽഎം.ഡി.എം.എ(20 ഗ്രാം) കടത്തിയ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതിയെയും പിടികൂടി. ചങ്ങനാശേരി ഫാത്തിമാപുരം അമ്പാട്ട് വീട്ടിൽ കണ്ണനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കോഴിക്കോട് 8 കിലോഗ്രാം കഞ്ചാവ് പിടികൂടിയതും, നിരവധി കഞ്ചാവ് കേസുകളിലും കുഴൽപ്പണ കേസിലും പ്രതിയാണ് ഇയാളെന്നു എക്‌സൈസ് സംഘം പറഞ്ഞു.

കഴിഞ്ഞ ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം തിരുനക്കര തെക്കുംഗോപുരത്തിനു സമീപം ഡി.ടി.ഡി.സി കൊറിയർ സർവീസിനു സമീപം വച്ച് 20 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് അൽത്താഫ് എന്ന യുവാവിനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണനും സംഘത്തിലുണ്ടെന്നു കണ്ടെത്തിയത്. തുടർന്നു, കോട്ടയം സർക്കിൾ ഇൻസ്പെക്ടർ എസ്.മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കണ്ണനെപ്പറ്റി സൂചന ലഭിച്ചത്. തുടർന്നു, പാർട്ടിയിൽ പ്രിവെൻറ്റീവ് ഓഫീസർ . ജി. രാജേഷ് , സിവിൽ എക്‌സൈസ് ഓഫിസർമാരായ അനൂപ് വിജയൻ, അരുൺലാൽ , ഹരികൃഷ്ണൻ, ഡ്രൈവർ സി.കെ അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ചങ്ങനാശേരിയിൽ നടത്തിയ റെയിഡിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തെ തുടർന്നു എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് സംഘം ചെങ്ങന്നൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഗ്രീൻസ് എന്ന മുന്തിയ ഇനം കഞ്ചാവും കണ്ടെത്തി. വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുന്നതാണ് ഗ്രീൻസ് ഇനത്തിൽപ്പെട്ട കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ആറാട്ടുപുഴ ആറന്മുള സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ശരത് വിഎം( 23) എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

പരിശോധനയിൽ ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ്, എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗവും കോട്ടയം ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസറുമായ ഫിലിപ്പ് തോമസ്, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ കെ.എൻ.സുരേഷ് കുമാർ, അസീസ്, വിമൽ കുമാർ, ചങ്ങനാശ്ശേരി റെയിഞ്ച് പ്രിവന്റീവ് ഓഫീസർമാരായ മണിക്കുട്ടൻ പിള്ള, ആന്റണി മാത്യു, നൗഷാദ് സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷെഫീക്ക്, അരുൺ പി നായർ സുമേഷ്, പ്രദീപ് എം ജി, ഡ്രൈവർ മനീഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലപ്പുഴ ചെങ്ങന്നൂർ ഭാഗത്ത് നടത്തിയ റെയ്ഡിനു എക്‌സൈസ് കമ്മീഷണർ സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ രാജേഷും, ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെബാസ്റ്റ്യനും നേതൃത്വം നൽകി.

Top