കൊച്ചി: സാധാരണക്കാരനെ പ്രതിസന്ധിയിലാക്കി പാചകവാതകത്തിന് വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഈ മാസം ഇത് രണ്ടാംതവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 23 രൂപയും, വാണിജ്യ സിലിണ്ടറിന് 38രൂപയുമാണ് കൂട്ടിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ വില കൂട്ടിയതിനു പിന്നാലെയുള്ള ഈ വില വര്‍ദ്ധനവ് ജനങ്ങളെ അക്ഷാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കും.
കൊച്ചിയില്‍ സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് ഇതോടെ 569 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറിന് 38 രൂപയാണ് കൂട്ടിയിട്ടുള്ളത്. ഇതോടെ സബ്സിഡിയില്ലാത്ത വാണിജ്യ സിലിണ്ടറിന് 1057 രൂപ 50 പൈസയായി. മെയ് 2-ാം തിയ്യതിയും പാചകവാകത്തിന് വില കൂട്ടിയിരുന്നു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് അന്ന് 18 രൂപയാണ് കൂട്ടിയത്.
വ്യാവസായിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 20 രൂപയും കൂട്ടിയിരുന്നു. ഗാര്‍ഹിക ഉപയോഗത്തിന് സബ്സിഡിയോടു കൂടിയ 14 കിലോ സിലിണ്ടറിന് 541 രൂപ 50 പൈസയായിരുന്നു. ഇതാണ് 569 രൂപയിലേക്ക് ഉയര്‍ന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന 19 കിലോയുടെ സിലിണ്ടറിന് അന്ന് 20 രൂപ കൂടി 1020 രൂപയായിരുന്നു. ഇത് 1057 രൂപയായി.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുള്ള വ്യത്യാസത്തിന് അനുസരിച്ചാണ് പാചകവാതകത്തിന് എണ്ണക്കമ്പനികള്‍ വില കൂട്ടുന്നത്. എല്ലാ മാസവും പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസം വരുത്തുമെന്നാണ് സൂചന