പണക്കാരുടെ സബ്‌സിഡി വെട്ടി കേന്ദ്രം: പാചക വാതകത്തിനു ഇനി സബ്‌സിഡ് ലഭിക്കില്ല

ന്യൂഡല്‍ഹി: പണക്കാരുടെ പാചക വാതക സബ്‌സിഡി തിരികെപിടിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര് സര്‍ക്കാര്‍ മുന്നോട്ട്്. ഇതിന്റെ ഭാഗമായി പത്തുലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ പാചകവാതക സബ്‌സിഡി ലഭിക്കില്ല. നിലവില്‍, 419.26 രൂപ നിരക്കില്‍ പ്രതിവര്‍ഷം 12 സിലിണ്ടറാണു ലഭിക്കുന്നത്. 608 രൂപയാണ് യഥാര്‍ഥ വില.
ജനുവരി ഒന്നുമുതല്‍ സബ്‌സിഡി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ പത്തുലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമില്ലെന്നു സ്വയം സാക്ഷ്യപത്രം നല്‍കണം. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തേ, സബ്‌സിഡിയില്‍നിന്നു പിന്മാറാനുള്ള അവസരവും കേന്ദ്രം ഒരുക്കിയിരുന്നു. ഇതിനു പിന്നാലെ 16.35 കോടി ഉപഭോക്താക്കളില്‍ 57.5 ലക്ഷം പേര്‍ സബ്‌സിഡി ഒഴിവാക്കി. ഉയര്‍ന്ന വരുമാനക്കാര്‍ ഇപ്പോഴും ആനുകൂല്യം അനുഭവിക്കുന്നുണ്ടെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണു ഉപഭോക്താവിന്റെ ഭാര്യ/ഭര്‍ത്താവിനു പത്തുലക്ഷത്തിനുമുകളില്‍ വരുമാനമുണ്ടെങ്കില്‍ സബ്‌സിഡിയില്‍നിന്നു പുറത്താക്കാന്‍ തീരുമാനമെടുത്തത്. ആദ്യ ഘട്ടത്തില്‍ സ്വയം സാക്ഷ്യപത്രം നല്‍കിയാല്‍ മതിയാകും.
ഓരോ വര്‍ഷവും പാചക വാതക സബ്‌സിഡി നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വന്നതോടെ കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ സിലിണ്ടറിന്റെ എണ്ണം ആറായി പരിമിതപ്പെടുത്തിയിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ എട്ടായും പിന്നീടു പന്ത്രണ്ടായും ഉയര്‍ത്തി. സിലിണ്ടറിനു വിപണി വില നല്‍കണമെങ്കിലും സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു നേരിട്ടെത്തും. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണിതു നടപ്പാക്കിയത്. തുടര്‍ന്നുവന്ന ബി.ജെ.പി. സര്‍ക്കാരും ഇതു പിന്തുടര്‍ന്നു. സബ്‌സിഡി ഇല്ലാതെ സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിവുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ വന്‍ ബാധ്യത ഒഴിയുമെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, പത്തുലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എത്രയുണ്ടെന്ന കണക്കു തയാറാക്കിയിട്ടില്ല. 201415 വര്‍ഷത്തില്‍ സബ്‌സിഡിയിനത്തില്‍ 40,551 കോടി ചെലവാക്കിയിട്ടുണ്ട്. യഥാര്‍ഥ ഗുണഭോക്താവിലേക്ക് ആനുകൂല്യം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു പുതിയ മാറ്റമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Top