യുവാക്കളെ ചാണകം കഴിപ്പിച്ച സംഭവം; ബീഫ് കൈവശം വെച്ചവര്‍ക്ക് ഇത്തരത്തില്‍ ശിക്ഷ നല്‍കുമെന്ന് ഗോ രക്ഷാ നേതാവ്

beef-attack

മനേസര്‍: ബീഫിന്റെ പേരിലുള്ള കടന്നാക്രമണം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബീഫ് കൈവശം വെച്ചന്നാരോപിച്ച് യുവാക്കളെ ചാണകം കഴിപ്പിക്കുകയും മര്‍ദ്ദിക്കുകയുമുണ്ടായി. സംഭവം പ്രതിഷേധത്തിന് വഴിവെച്ചതോടെ വിശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തി. അത്തരമൊരു ശിക്ഷ നല്‍കിയതില്‍ ഒരു തെറ്റുമില്ലെന്നാണ് ഗോ രക്ഷാ ദള്‍ നേതാവ് ധര്‍മേന്ദ്ര യാദവ് പറഞ്ഞത്.

എഎന്‍ഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബീഫ് കൈവശം വെച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷയാണ് തങ്ങള്‍ നല്‍കിയതെന്നാണ് നേതാവിന്റെ വാദം.
കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കളെ ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ നിര്‍ബന്ധിപ്പിച്ച് ചാണകം കഴിപ്പിക്കുകയും ഗോ മൂത്രം കുടിപ്പിക്കുകയും ചെയ്തതിന്റെ വീഡിയോ പുറത്തായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശുവിന്റെ ചാണകം ‘പവിത്ര’മാണെന്നും ഇത് തീറ്റിച്ചതിലൂടെ യുവാക്കള്‍ ചെയ്ത ‘പാപം’ തീര്‍ക്കുകയാണ് ചെയ്തതെന്നുമാണ് ധര്‍മേന്ദ്ര യാദവിന്റെ ന്യായീകരണം.
ഹരിയാനയിലും മറ്റ് പല സംസ്ഥാനങ്ങളിലും ഗോവധം നിയമവിരുദ്ധമാണ്. എന്നാല്‍ ഇത്തരം ആളുകള്‍ നിയമലംഘനം നടത്തുകയാണ്. അവര്‍ക്കുള്ള ശിക്ഷയാണിത്. മാത്രമല്ല, ഹിന്ദു മതാചാര പ്രകാരം പശു മാതാവാണ്. ആരെങ്കിലും എന്റെ മാതാവിനെ ഉപദ്രവിച്ചാല്‍ പോലീസ് വരുന്നത് വരെ കാത്തിരിക്കാനാവില്ല. അതിന് വേണ്ടിയാണ് ഗോ രക്ഷാ ദള്‍ നിലകൊള്ളുന്നത്. ധര്‍മേന്ദ്ര യാദവ് പറയുന്നു.

യുവാക്കളെ മര്‍ദ്ദിച്ച ഗോ രക്ഷാ പ്രവര്‍ത്തകരുടെ പ്രവര്‍ത്തി തെറ്റാണെങ്കിലും ഗോമൂത്രവും ചാണകവും കഴിപ്പിച്ചതിലൂടെ യുവാക്കളെ പാപമുക്തരാക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്തതെന്നും ധര്‍മേന്ദ്ര പറയുന്നു. റിസ്വാന്‍, മുഖ്തീദാര്‍ എന്നിവര്‍ക്ക് നേരെയാണ് ഗോ രക്ഷാ ദളിന്റെ ആക്രമണം നടന്നത്. ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ ജൂണ്‍ 10 നാണ് സംഭവം. പശുക്കളുമായി പോകുകയായിരുന്ന ഇരുവരേയും ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ ട്രക്ക് പിടിച്ചെടുക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തു.

യുവാക്കളെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിപ്പിച്ച് ചാണകം തീറ്റിക്കുന്നതിന്റെ 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം ഫരീദാബാദ് പോലീസില്‍ ഏല്‍പ്പിച്ചാണ് ഗോരക്ഷക് പ്രവര്‍ത്തകര്‍ മടങ്ങിയത്. രണ്ട് പേര്‍ക്കുമെതിരെ ഗോഹത്യയക്ക് കേസെടുത്തെങ്കിലും. യുവാക്കളെ ആക്രമിച്ച ഗോ രക്ഷക് പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് യുവാക്കളെ ആക്രമിച്ചതിനെ പരസ്യമായി ന്യായീകരിച്ച് നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Top