കന്നുകാലികളെ കടത്തിയെന്നാരോപണം; മുസ്ലീം യുവാക്കളെ നഗ്നരാക്കി സംഘപരിവാറിന്റെ ക്രൂരമര്‍ദ്ദനം

Muslim-cattle-traders

ദില്ലി: ഗോമാതാവിനെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധങ്ങള്‍ തീരുന്നില്ല. കന്നുകാലികളെ കടത്തിയെന്നാരോപിച്ച് സംഘപരിവാറിന്റെ ക്രൂര പ്രവര്‍ത്തനം തുടരുന്നു. 50ഓളം കന്നുകാലികളെ കയറ്റി കൊണ്ടുപോകുകയായിരുന്ന വാഹനം ഗോ രക്ഷ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കച്ചവടക്കാരായ മുസ്ലീങ്ങളെ നഗ്നരാക്കി മര്‍ദ്ദിക്കുകയാണുണ്ടായത്.

മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരിക്കുകയാണ്. രാജസ്ഥാനിലെ ചിറ്റൂര്‍ഗഡില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. വാഹനം തീയിട്ട് കത്തിച്ച ശേഷം ഡ്രൈവറെയും മൂന്നുസഹായികളേയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. യുവാക്കളെ നഗ്‌നരാക്കിയ ശേഷം ആയുധങ്ങളും വലിയ വടികളും ഉപയോഗിച്ച് നിലത്തിട്ട് തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കന്നുകാലികളെ വില്‍പ്പനക്കായി കൊണ്ടുപോകുന്ന മുസ്ലിം യുവാക്കളെ കൊല്ലുകയെന്ന ലക്ഷ്യം തങ്ങള്‍ക്കില്ലെന്നും എന്നാല്‍ മാസങ്ങളോളം എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അവരെ നരകിപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സംഘം പറഞ്ഞതായി നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. മിലി ഗസറ്റ് ആണ് ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മര്‍ദ്ദനമേറ്റ യുവാക്കളുടെ പേരോ വിലാസമോ ചോദിച്ചറിയാതെ അവര്‍ മുസ്ലിങ്ങളാണ് എന്ന കാര്യം മാത്രമാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. മര്‍ദ്ദിക്കുന്നവരുടെ മുഖങ്ങളുടെ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നിരിക്കെ അവര്‍ക്കെതിരെയൊന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Top