
പത്തനംതിട്ട: ഉത്തരേന്ത്യയില്‍ ദലിതരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്രമിക്കാനായി നടപ്പിലാക്കുന്ന പദ്ധതിയായ ‘ഗോരക്ഷ’ പ്രവര്‍ത്തനം കേരളത്തിലും. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കറവപ്പശുക്കളെ കയറ്റി പോയ വാഹനം ഗോരക്ഷ പ്രവര്‍തത്തകര്‍ തടഞ്ഞ് അക്രമം.
കറവപ്പശുക്കളെയും കയറ്റി പത്തനംതിട്ട എഴുമറ്റൂരില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് തടഞ്ഞത്. മുല്ലപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ വെച്ച് ഓട്ടോയിലെത്തിയ സംഘം വാഹനം തടയുകയായിരുന്നു. പശുക്കളെ കുത്തിനിറച്ച് കൊണ്ടുപോവുകയാണെന്നാരോപിച്ച് സംഘം ഡ്രൈവര്‍ അനസിനെ ഭീഷണിപ്പെടുത്തി. വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തശേഷം വണ്ടിയിലുണ്ടായിരുന്ന രണ്ട് പശുക്കളെ വാഹനത്തില്‍ നിന്ന് ഇറക്കി.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പശുക്കളുമായി പോകുകയായിരുന്ന വണ്ടി ഒരു സംഘം തടഞ്ഞ് ഭീഷണിപ്പെടുത്തുകയും താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. കണ്ടാലറിയുന്ന അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അക്രമികള്‍ പിന്‍വാങ്ങിയ ഉടന്‍ എഴുമറ്റൂര്‍ സ്വദേശി അനസ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വാഹനം തടഞ്ഞവരെ പരിചയമില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും അനസ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുയാണെന്ന് കീഴ്‌വായിപ്പൂര്‍ പൊലീസ് പറഞ്ഞു.