ഗെയിലാട്ടം വീണ്ടും; 12 പന്തില്‍ അരസെഞ്ച്വറിയുമായി ഗെയില്‍ യുവരാജിനൊപ്പം

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയ്യന്‍ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന് ലോകറെക്കോര്‍ഡ് അര്‍ധസെഞ്ചുറി. വെറും 12 പന്തുകളില്‍ 50 റണ്‍സടിച്ചാണ് ഗെയ്ല്‍ വേഗം കൂടിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ പേരിലും 12 പന്തുകളില്‍ 50 റണ്‍സെന്ന റെക്കോര്‍ഡുണ്ട്. ബിഗ്ബാഷ് ക്രിക്കറ്റ് ലീഗില്‍ മെല്‍ബണ്‍ റെനെഗേഡ്‌സിന് വേണ്ടിയാണ് ഗെയ്ല്‍ ഈ റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്തത്. ബിഗ്ബാഷ് ക്രിക്കറ്റ് ലീഗില്‍ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെയായിരുന്നു ക്രിസ് ഗെയ്‌ലിന്റെ ഈ താണ്ഡവം. 17 പന്തുകള്‍ നേരിട്ട ഗെയ്ല്‍ രണ്ട് ഫോറും 7 സിക്‌സും അടിച്ചു. ഹെഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലുഡ്മാന്‍ പിടിച്ചാണ് ഗെയ്ല്‍ പുറത്തായത്. അപ്പോഴേക്കും മെല്‍ബണ്‍ റെനെഗേഡ്‌സിന്റെ സ്‌കോര്‍ 5.3 ഓവറില്‍ 74 റണ്‍സിലെത്തിയിരുന്നു.. പക്ഷെ ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് പ്രകടനത്തിനും മെല്‍ബണ്‍ റെനെഗേഡ്‌സിനെ വിജയിപ്പിക്കാനായില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മെല്‍ബണ്‍ റെനെഗേഡ്‌സ് വെറും 143 റണ്‍സിന് ഓളൗട്ടായി. നെവില്‍ (21), ബീറ്റണ്‍ (23), റിമിങ്ടണ്‍ (26) എന്നിവര്‍ മാത്രമാണ് മെല്‍ബണ്‍ റെനെഗേഡ്‌സിന് വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. 2007 ട്വന്റി 20 ലോകകപ്പിലാണ് ഇന്ത്യയുടെ യുവരാജ് സിംഗ് 12 പന്തില്‍ അര്‍ധസെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ പ്രകടനം. ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അന്ന് ഒരോവറില്‍ ആറ് സിക്‌സറുകള്‍ക്കാണ് യുവി പറത്തിയത്. അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 പന്തില്‍ 70 റണ്‍സെടുത്തു യുവി.

Top