ന്യുഡല്‍ഹി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റു മൂന്നു പേര്‍ക്കുമെതിരായ ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. എന്നാല്‍ കര്‍ദ്ദിനാളിനും മറ്റുമെതിരായ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ സുപ്രീം കോടതി ഇടപെട്ടില്ല. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമ നിലപാട് എടുക്കട്ടെ. അവിടെ നിന്നും ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം. ഇക്കാര്യത്തില്‍ കോടതി ഹര്‍ജിക്കാരുടെ ഒപ്പം തന്നെയായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കൂംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് സ്‌റ്റേ അനുവദിച്ചത്. ഏപ്രില്‍ മൂന്നിനാണ് ഡിവിഷന്‍ ബെഞ്ച് ഇനി ഹര്‍ജി പരിഗണിക്കുക. അതിനിടെ, കേസില്‍ ഇടനിലക്കാരനെതിരെ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് അതിരൂപതാംഗമായ മാര്‍ട്ടിന്‍ പയ്യപ്പള്ളിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തിലെ സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ ഷൈന്‍ വര്‍ഗീസും സുപ്രീം കോടതിയില്‍ എത്തി. എന്നാല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ തങ്ങളുടെ ഭാഗം കൂടി കേട്ടശേഷമേ തീരുമാനമെുക്കാവൂ എന്ന് കാണിച്ച് കര്‍ദ്ദിനാള്‍ പക്ഷവും കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഡിവിഷന്‍ ബെഞ്ചിന് ശക്തമായ സന്ദേശം കൂടിയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നതെന്നും വ്യക്തമാണ്. ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം തുടരേണ്ടതിന്റെ ആവശ്യകത തന്നെയാണ് പറയാതെ പറഞ്ഞത്.
കര്‍ദ്ദിനാളിനെതിരായ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി; കേസിലെ സ്റ്റേ കോടതി നീക്കിയില്ല
Tags: mar george alencherry