തടഞ്ഞ് വച്ചില്ലെന്നും ആലഞ്ചേരി കള്ളം പറയുകയാണെന്നും എതിര്‍പക്ഷം; ബിഷപ്പുമാരുടെ എതിര്‍പ്പ് രൂക്ഷം സഭയുടെ ജൂബിലി ആഘോഷം മാറ്റിവയ്ക്കും

കൊച്ചി: സീറോ മലബാര്‍ സഭയിലെ എറണാകും-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന വിവാദം പുതിയ തലത്തിലേക്ക്. വൈദിക സമ്മേളനത്തിലേക്ക് താന്‍ വരാതിരിക്കുന്നതിന് അല്‍മായരുടെ ഒരു സംഘം തന്നെ തടഞ്ഞതായി വ്യക്തമാക്കി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എഴുതിയ കത്ത് പുറത്തായതോടെ മറു വാദവുമായി എതിര്‍ സംഘം രംഗത്തെത്തി. യോഗം മാറ്റി വയ്ക്കാന്‍ ആലഞ്ചേരി കള്ളം പറയുന്നതിന് തെളിവാണ് കെന്നഡിയുടെ സാന്നിധ്യമെന്നാണ് മറു പക്ഷം പറയുന്നത്. ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്ന നിര്‍ണ്ണായകമായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈദിക സമിതിയില്‍ ചര്‍ച്ച സമര്‍പ്പിക്കാനിരിക്കെയാണ് യോഗം മാറ്റിവയ്‌ക്കേണ്ടി വന്നത്.

യോഗത്തിനായി ആലഞ്ചേരിയെ ക്ഷണിക്കുന്നതിനായി വൈദിക സെക്രട്ടറി മുറിയിലേക്ക് ചെന്നപ്പോള്‍ മൂന്ന് അല്‍മായര്‍ അദ്ദേഹത്തെ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. വി.വി അഗസ്റ്റിന്‍, സാബു ജോസ്, കെന്നഡി കരിമ്പുംകാല എന്നിവരാണ് ആലഞ്ചേരിയെ തടഞ്ഞു വച്ചതെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം. ഭൂമി വില്‍പ്പന വിവാദത്തില്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് കെന്നഡി. ചാനല്‍ ചര്‍ച്ചകളില്‍ ആലഞ്ചേരിയെ പിന്തുണച്ച് സംസാരിക്കുന്നത് ഇദ്ദേഹമാണ്. ഇതും സംഭവത്തിന് പുതിയ ട്വിസ്റ്റ് നല്‍കുന്നു.
അതിനിടെ പ്രതിസന്ധിക്കു താല്‍ക്കാലിക ശമനമുണ്ടാകുമെന്നു പ്രതീക്ഷിച്ച വൈദികസമിതി യോഗം നടക്കാതെവന്നതോടെ പ്രതിസന്ധി രൂക്ഷമാകും. സിനഡ് തുടങ്ങും മുമ്പു പ്രശ്‌നം സങ്കീര്‍ണമാകുന്നെന്നാണു സൂചന. വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി ഒരാള്‍ക്കുതന്നെ വില്‍ക്കണമെന്നായിരുന്നു കരാര്‍. 36 പേര്‍ക്കായി കര്‍ദിനാള്‍ ആധാരം രജിസ്റ്റര്‍ ചെയ്തുകൊടുത്തതില്‍ ചില നിയമപ്രശ്‌നങ്ങളുമുണ്ട്. നികുതി വെട്ടിക്കാന്‍ വാങ്ങുന്നയാളുടെ താല്‍പ്പര്യാര്‍ത്ഥമാണു കര്‍ദിനാള്‍ സമ്മതിച്ചതെന്നാണ് ഒരു വിഭാഗം വൈദികര്‍ പറയുന്നത്. ഒരാള്‍തന്നെ വന്‍തുക നല്‍കുമ്പോള്‍ അതിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. ആധാരത്തില്‍ 30 കോടി രൂപ കാണിച്ചിട്ടുള്ള ഭൂമിക്കു വിപണി വില അതിന്റെ പത്തിരട്ടിയോളംവരും. ഭൂമി വാങ്ങിയ ആളെ സംരക്ഷിക്കാനാണ് കര്‍ദിനാള്‍ ശ്രമിച്ചതെന്നാണ് വിമര്‍ശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ദിനാളിനെതിരേ സിനഡില്‍ വിമര്‍ശനം ഉയരുമെന്നാണ് വിമതരുടെ പ്രതീക്ഷ. ശാരീരികബുദ്ധിമുട്ടുകളുംകൂടി കണക്കിലെടുത്തു സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, ഇതിനു രണ്ടു വര്‍ഷത്തെ സാവകാശമെങ്കിലും അദ്ദേഹത്തിനു നല്‍കും. അതിനിടെ കര്‍ദിനാളിന് ഉചിതമായ മറ്റൊരു സ്ഥാനം കണ്ടെത്തേണ്ടിവരും. ഭരണകാര്യങ്ങളിലും മറ്റും സഹായിക്കാന്‍ ഉപദേശകസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. കര്‍ദിനാളിനു നിയന്ത്രണം വരുന്നതോടെ അദ്ദേഹം സ്വയം ഒഴിവാകുമെന്നാണ് എതിര്‍ക്കുന്നവരുടെ പ്രതീക്ഷ. തൃശൂര്‍, ചങ്ങനാശേരി, തലശേരി രൂപതകളില്‍ കൂടുതല്‍ മെത്രാന്മാര്‍ വേണം. മദ്രാസ് രൂപതയിലും ഒഴിവുണ്ട്. ഇവിടെ മെത്രാന്മാരെ നിയോഗിക്കുന്നതും വരുന്ന സിനഡ് ചര്‍ച്ച ചെയ്യും.

സഭയിലെ ചില ആര്‍ച്ച് ബിഷപ്പുമാരുമായി ആലഞ്ചേരി അത്ര അടുപ്പത്തില്‍ അല്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന വിലയിരുത്തലും സജീവമാണ്. പല കാര്യങ്ങളും തങ്ങളുമായി ആലോചിക്കുന്നില്ലെന്നാണ് ആര്‍ച്ച് ബിഷപ്പുമാരുടെ പരാതി. മെത്രാന്മാരെ നിയമിക്കുമ്പോള്‍ കൂടിയാലോചന നടത്താറില്ലെന്നും ആരോപണമുണ്ട്. പാനലില്‍നിന്നു തനിക്ക് ഇഷ്ടമുള്ളയാളെ തീരുമാനിക്കുകയാണു പതിവ്. ഇനി ഇതൊന്നും ആര്‍ച്ച് ബിഷപ്പുമാര്‍ അംഗീകരിക്കില്ല. 13 നു നടത്താനിരുന്ന സിറോ മലബാര്‍ സഭ ജൂബിലി ആഘോഷം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. സഭയ്ക്കു വത്തിക്കാനില്‍നിന്നു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി ലഭിച്ചതിന്റെ 25-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്. രജത ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രതിനിധികള്‍ക്കു ക്ഷണക്കത്ത് അയച്ചുകഴിഞ്ഞു. അതിനിടെയാണു വിവാദം കത്തുന്നത്.

വിഷയം രൂക്ഷമായ പശ്ചാത്തലത്തില്‍ ജൂബിലി ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്നു കാട്ടി ഏതാനും അതിരൂപതാ വൈദികര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കത്തു നല്‍കി. കര്‍ദിനാളിന്റെ എല്ലാ പൊതുപരിപാടികളും ബഹിഷ്‌കരിക്കാനും തടയാനുമാണ് അവരുടെ നീക്കം. ഈ പശ്ചാത്തലത്തില്‍ ജൂബിലിസമ്മേളനം സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് മാറ്റിവയ്ക്കാനുള്ള ആലോചന. ആലഞ്ചേരിയെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കള്ളക്കളികാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Top