മാണിയും ജോർജും തോൽക്കും: ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും കടന്നു കൂടും: റബർ കർഷകർ സർക്കാരിനെതിരെ വോട്ടുകുത്തും; കോട്ടയം ജില്ലയിലെ വിലയിരുത്തലുമായി രഹസ്യാന്വേഷണ വിഭാഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിൽ അഞ്ചിടത്തു ചരിത്രത്തിൽ ആദ്യമായി ഇടതു മുന്നണി വിജയിക്കുമെന്ന റിപ്പോർട്ടുമായി കേന്ദ്ര – സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളുടെ സംയുക്ത പരിശോധനാ ഫലം. കെ.എം മാണി പാലായിലും പി.സി ജോർജ് പൂഞ്ഞാറിലും തോൽക്കുമ്പോൾ, വൻ വിജയ പ്രതീക്ഷയിൽ ഇരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, മന്ത്രി തിരുവഞ്ചൂരും ഏഴായിരത്തിൽ താഴെ വോട്ടിനു വിജയിക്കുമെന്നാണ് റിപ്പോർട്ട്. ചങ്ങനാശേരി അടക്കം അഞ്ചു മണ്ഡലങ്ങളിൽ ഇടതു സ്ഥാനാർഥികൾ വിജയിക്കുമ്പോൾ ബാക്കിയുള്ള നാലിടത്തു ശക്തമായ മത്സരമാണ് നടക്കുന്നത്.
ജില്ലയിൽ ഏറ്റുമാനൂരിലും വൈക്കത്തും മാത്രമാണ് ഇടതു സ്ഥാനാർഥികൾ വിജയിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ കെ.സുരേഷ്‌കുറുപ്പും, വൈക്കത്ത് സിപിഐയിലെ കെ.അജിത്തുമാണ് സിറ്റിങ് എംഎൽഎമാർ. ഏറ്റുമാനൂരിൽ കെ.സുരേഷ്‌കുറുപ്പും മുൻ എംഎൽഎ തോമസ് ചാഴികാടനുമാണ് മത്സരിക്കുന്നത്. ഇവിടെ എൻഡിഎ സ്ഥാനാർഥിയായി എസ്എൻഡിപിയിലെ എ.ജി തങ്കപ്പനുമുണ്ട്. ഇവിടെ ഇടതു സ്ഥാനാർഥി കെ.സുരേഷ്‌കുറുപ്പ് വിജയിക്കുമെന്നാണ് റിപ്പോർട്ട്. വൈക്കത്ത് സിറ്റിങ് എംഎൽഎ കെ.അജിത്തിനു പകരം ജില്ലയിലെ ഏക വനിതാ മുന്നണി സ്ഥാനാർഥി സി.കെ ആശയെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. ഈ രണ്ടു സീറ്റിലും ഇടതു സ്ഥാനാർഥികൾക്കു വെല്ലുവിളിയേയില്ലെന്നാണ് വിലയിരുത്തൽ.
കോട്ടയത്തും പുതുപ്പള്ളിയിലും യുഡിഎഫിന്റെ അമിത ആത്മവിശ്വാസം വിനയാകുമെന്നാണ് സൂചന. രണ്ടിടത്തും ഏഴായിരത്തിൽ താഴെ വോട്ടിനു മുഖ്യമന്ത്രിയും, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കഷ്ടപ്പെട്ടു വിജയിക്കുമെന്നാണ് ഇന്റലിജൻസ് വിഭാഗം നൽകുന്ന സൂചന. പാലായിൽ രണ്ടായിരം വോട്ടുകൾക്കാണ് മാണിയുടെ പരാജയമുണ്ടാകുമെന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ബിജെപി ഇരുപതിനായിരത്തോളം വോട്ടു പിടിച്ചാൽ ഇവിടെ കെ.എം മാണിക്കു കാലിടറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പി.സി ജോർജ് നാലാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെടുമെന്നാണ് റിപ്പോർട്ട്. പതിനായിരത്തിൽ താഴെ വോട്ട് മാത്രമാണ് പി.സി ജോർജിനു ലഭിക്കുമെന്നു ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ യുഡിഎഫും എൽഡിഎഫും ഒരേപോലെ പ്രചാരണ രംഗത്ത് സജീവമാണ്. അയ്യായിരത്തിൽ താഴെ വോട്ടിന്റെ മേൽക്കെ ഇപ്പോൾ ഇടതു മുന്നണിക്കുണ്ടെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
കാഞ്ഞിരപ്പള്ളിയിലും കടുത്തുരുത്തിയിലും സിറ്റിങ് എംഎൽഎമാർക്കു കാര്യമായ ഭീഷണിയുയർത്താൻ ഇടതു സ്ഥാനാർഥികൾക്കു സാധിക്കുമെന്നും ഇന്റലിജൻസ് കരുതുന്നില്ല. ചങ്ങനാശേരിയിൽ മുൻ കുട്ടനാട് എംഎൽഎ ഡോ.കെ.സി ജോസഫ് സി.എഫ് തോമസിനെ അട്ടിമറിക്കുമെന്നും ഇന്റലിജൻ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top