
ബംഗളൂരു: പുരോഗമന ആശയങ്ങള്‍ തന്റെ എഴുത്തിലും പ്രവര്‍ത്തിയിലും ഉയര്‍ത്തിപ്പിടിച്ച കന്നട സാഹിത്യകാരനും നടനുമായ ഗിരീഷ് കര്‍ണാട് (81) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 6.30നായിരുന്നു അന്ത്യം. കന്നട സാഹിത്യത്തിന് പുതിയ മുഖം സമ്മാനിച്ച എഴുത്തുകാരന്‍ എന്നതിലുപരി പുരോഗമന ആശയങ്ങളുടെ വക്താവ് എന്ന നിലയിലും ഗിരീഷ് കര്‍ണാട് പ്രശസ്തനായിരുന്നു.
സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച ഏഴു കന്നഡിഗരില്‍ ഒരാള്‍ കൂടിയായ ഗിരീഷ്, മാദ്ധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഗിരീഷ് കര്‍ണാട് ഉയര്‍ത്തിയിരുന്ന അതിനിശിതവും നിര്‍ഭയവുമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തു. 1974ല്‍ പത്മശ്രീ, 1992ല്‍ പത്മഭൂഷണ്‍, 1998ല്‍ ജ്ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചരിത്ര വിഷയങ്ങള്‍ പ്രമേയമാക്കി നാടകങ്ങള്‍ രചിച്ചപ്പോള്‍ അതില്‍ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകള്‍ കണ്ടെത്തി എന്നതാണു ഗിരീഷ് കര്‍ണാടിനെ ശ്രദ്ധേയനാക്കിയത്.