സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് കടുത്ത അനാസ്ഥ. പാമ്പുകടിച്ചതാണെന്ന് മരണപ്പെട്ട ഷഹ്‌ല ഷെറിന്‍ പല തവണ ആവർത്തിച്ചിട്ടും അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനോ വേണ്ട പ്രഥമ ശുശ്രൂഷ നൽകാനോ തയ്യാറായില്ലെന്ന് സഹപാഠികൾ തന്നെ വെളിപ്പെടുത്തി.
പാമ്പു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവ് വരുന്നത് വരെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയ്യാറായില്ല. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഷഹ്‌ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. കടുത്ത അമര്‍ഷത്തോടെയും വികാരനിര്‍ഭരവുമായിട്ടാണ് കുട്ടികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ക്ലാസില്‍ ഇടക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകാറില്ല. സ്‌കൂള്‍ കെട്ടിടത്തില്‍ സമാനമായി നിരവധി മാളങ്ങളാണ് ഉള്ളത്. കൂടാതെ ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ പാടില്ലെന്ന അലിഖിത നിയമവും ഈ സ്കൂളിലുണ്ട്. അതേ സമയം അധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പിടാന്‍ അനുവാദമുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്ന് ഷഹ്ല ഷെറിന് പാമ്പു കടിയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷഹ്‌ല മരിച്ചത്. ഇതിനിടെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഏറെ നേരെ നിരീക്ഷണത്തില്‍ വെച്ചിട്ടും കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് ഡോക്ടര്‍മാര്‍ക്ക് സ്ഥിരീകരിക്കാനായിരുന്നില്ല.