തലശ്ശേരി: പരിഹാസങ്ങളും വിമര്‍ശനങ്ങളും കൂടിവന്നപ്പോള്‍ പെണ്‍കുട്ടികള്‍ സിപിഎം പ്രവര്‍ത്തകരെ തല്ലി. രണ്ടു പെണ്‍കുട്ടികളാണ് പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ തല്ലിയത്. അതേസമയം സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചും ആക്രമിക്കുകയുണ്ടായി. പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മര്‍ദ്ദിച്ച പ്രവര്‍ത്തകര്‍ വീട് ആക്രമിക്കുകയുമുണ്ടായി.
സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ വീട്ടിന്റെ ജനച്ചിലുകളും കാറിന്റെ ഗ്ലാസുകളും തകര്‍ന്നു. രാത്രിയായിരുന്നു സംഭവം. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ എന്‍ രാജന്റെ മക്കളായ അഞ്ജുന (25), അഖില (30) എന്നിവരാണു സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതിയുയര്‍ന്നത്. തിരിച്ചുള്ള ആക്രമണത്തില്‍ പരുക്കേറ്റ് എന്‍ രാജനെയും (62) അഞ്ജുനയെയും അഖിലയെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിജിന്‍ (28) തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടാണഅ സംഭവങ്ങളുടെ തുടക്കം. കുട്ടിമാക്കൂലില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ രാജന്റെ മക്കളെ തൊട്ടടുത്തുള്ള സിപിഎം ഒഫീസില്‍ നിന്നും മൂന്നു നാലുപേര്‍ ജാതിപ്പേരുവിളിച്ച് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് അഞ്ജുനയും അഖിലയും പറഞ്ഞു. ഇത് ചോദ്യം ചെയ്യാന്‍ ഓഫീസില്‍ കയറിയ അഞ്ജുനയും അഖിലയും സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പറയുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ കസേരകൊണ്ട് അടിച്ചെന്നും രണ്ടുപേരെയും കുറെ സമയം റോഡില്‍ തടഞ്ഞുവെച്ചെന്നും ഒടുവില്‍ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ചോദ്യം ചെയ്യുക മാത്രമെ ഉണ്ടായിട്ടുള്ളൂവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. അതേസമയം, പെണ്‍കുട്ടികള്‍ ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതാണ് പ്രകോപനമുണ്ടാക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതേതുടര്‍ന്നാണ് ചിലര്‍ വീട്ടിലെത്തി രാജനെ മര്‍ദ്ദിക്കുകയും വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ഗ്ലാസുകളും തകര്‍ക്കുകയും ചെയ്തത്. അക്രമസംഭവങ്ങളില്‍ പൊലീസ് കേസെടുത്തു.
രാജന്റെ വീടിനും കാറിനും നേരെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന്ഡറെ വൈരാഗ്യം തീര്‍ക്കാന്‍ രാജനെയും പെണ്‍മക്കളെയും വഴിനടക്കാന്‍ അനുവദിക്കാതെ നിരന്തരം ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ആക്രമിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും ഡിസിസി അംഗം കെ ശിവദാസന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസില്‍ കയറി പണ്‍കുട്ടികളെക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ആസൂത്രിതമാണെന്നു സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി വിഎം സുകുമാരന്‍ പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം പ്രതിഷേധിച്ചു.