ന്യൂഡല്‍ഹി: സ്വര്‍ണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ക്കും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. 2.5% വര്‍ധനവാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. പത്ത് ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി 12.5% മായി. ഇതോടെ സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കും എന്നുറപ്പായി. കൂടാതെ, പെട്രോളിനും ഡീസലിനും വില കൂടും.
ബജറ്റില്‍ ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വര്‍ധിപ്പിച്ചതോടെ ഫലത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും. റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേല്‍ അധികമായി ചുമത്തിയത്. ഇതിന് പുറമെ ഒരു രൂപ തീരുവയും കൂട്ടി.
സ്വര്‍ണ്ണവിലയും പെട്രോള്‍ വിലയും സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന നടപടികളാണ്. ഉദാരവത്കരണം വിപുലമാക്കുകയും നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തുകയും ചെയ്യുന്നത് രാജ്യത്തെ സംരഭകരെ ബാധിക്കുന്നതാണെന്ന് വിലയിരുത്തുന്നു.
വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകള്‍ തുറന്നുകൊടുക്കും. വിദേശ നിക്ഷേപകര്‍ക്ക് എളുപ്പത്തിലുള്ള നടപടിക്രമങ്ങള്‍ നടപ്പിലാക്കും. ആഗോള നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും. ഇന്‍ഷൂറന്‍സ് ഇടനിലക്കാര്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുകയും എന്‍.ആര്‍.ഐകാര്‍ക്ക് ഇന്ത്യന്‍ ഓഹരികളില്‍ പരിധികളില്ലാതെ പ്രവേശനം അനുവദിക്കുകയും ചെയ്യുന്നതാണ് ബജറ്റ്.