മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട്; അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നോട്ടീസ് നല്‍കി

കൊച്ചി: മരട് ഫ്‌ളാറ്റിലുള്ളവരോട് 5 ദിവസത്തിനകം ഒഴിയാന്‍ മരട് നഗരസഭ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് പൊളിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാനാണ് തീരുമാനം.ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാല് ഫ്ലാറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഫ്‌ളാറ്റുടമകള്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഫ്‌ളാറ്റ് ഉടമകളുടെ പ്രതിനിധികളെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല.ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഫ്ലാറ്റ് ഉടമകള്‍ക്ക് നഗരസഭാ അധികൃതര്‍ ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയത്.

ജെയിൻ, ആൽഫ ഫ്ലാറ്റുകളിലെ ഉടമകൾ നോട്ടീസ് സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് മടങ്ങി. എന്നാൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് ഉടമകൾ നോട്ടീസ് നേരിട്ട് സ്വീകരിച്ചു. ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനിൽക്കുന്നതിനാൽ ഈ നോട്ടീസ് തങ്ങൾക്ക് ബാധകമല്ലെന്ന് എഴുതി നൽകിയതിനു ശേഷമാണ് ഗോൾഡൻ കായലോരം ഫ്ലാറ്റുടമകൾ നോട്ടീസ് ഉദ്യോഗസ്ഥരിൽ നിന്നും കൈപ്പറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതി വിധി അനുസരിച്ചുള്ള നിയമ നടപടികളാണ് നഗരസഭ ആരംഭിച്ചിരിക്കുന്നത് എന്ന് നഗരസഭ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്നതിന് വിദഗ്ധ ഏജൻസികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ച് നഗരസഭ ഇന്ന് പത്രപരസ്യവും നല്‍കിയിരുന്നു. ഫ്‌ളാറ്റ്  പൊളിച്ചുനീക്കുന്നതിന് വന്‍കിട കമ്പനികളില്‍ നിന്ന് ക്ഷണപത്രം സ്വീകരിക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങി. ഈ മാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. വിഷയത്തില്‍ മറ്റു ഹര്‍ജികള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടമകള്‍ സമര്‍പ്പിച്ച പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി ഇനി പരിഗണിക്കാന്‍ സാധ്യതയില്ല. അതേസമയം, ഉടമകള്‍ക്ക് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കും.

ഫ്‌ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമകള്‍. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചിരന്നു. ഈ വേളിയിലും ഉടമകളുടെ പ്രതിഷേധമുണ്ടായി. താമസക്കാരുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. തീരസംരക്ഷണ നിയമം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മിച്ചത് എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

Top