കൊച്ചി: സ്വർണാഭരണങ്ങളുടെ വില കുറഞ്ഞു വരുന്നു .സ്വർണ്ണ പ്രേമികള്‍ക്ക് ആശ്വാസമായിക്കൊണ്ടാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ 59080 രൂപയിലുണ്ടായിരുന്ന സ്വർണത്തിന്റെ വിപണി വില കഴിഞ്ഞ ദിവസം 55480 എന്ന നിലയിലേക്ക് എത്തി. തുടർച്ചയായ ദിവസങ്ങളിലുണ്ടായ വലിയ ഇടിവിന് ശേഷമായിരുന്നു ഈ നിലയിലേക്ക് വില എത്തിയത്. എന്നാല്‍ ഏറെ നാളത്തെ വിലയിടിവിന് ശേഷം സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
ഏഴ് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഒരു പവന്‍ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പവന്‍ വില 55560 ലേക്ക് ഉയർന്നു. ഗ്രാമിന് 10 രൂപ കൂട 6945 രൂപയുമാണ് ഇന്നത്തെ നിരക്ക്. 24 കാരറ്റില്‍ പവന് 88 രൂപയും 18 കാരറ്റില്‍ പവന് 64 രൂപയുടേയും വർധനവുണ്ടായി. ഇതോടെ യഥാക്രമം 60608, 45456 എന്നിങ്ങനെയാണ് വിപണി വില.
രാജ്യാന്താര വിപണയിലെ വിലയിടിവായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും പ്രതിഫലിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ട്രംപിന്റെ വിജയം ഡോളറിന്റേയും യുഎസ് ബോണ്ട് യീല്‍ഡിന്റേയും കുതിപ്പിന് ഇടയാക്കി. ഇതോടെ സ്വർണ വില താഴോട്ട് പോകുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,573 ഡോളര്‍ നിലവാരത്തിലാണ്.
കേരളത്തിലെ വിലനിരവാരം പരിശോധിക്കുകയാണ് നവംബറിലെ രണ്ടാഴ്ചക്കിടയില്‍ വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിരിയിക്കുന്നത്. ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും 560 രൂപ കുറഞ്ഞ് പവന് 59080 രൂപ എന്ന നിരക്കിലായിരുന്നു നവംബറില്‍ സ്വർണ വിപണി ആരംഭിച്ചത്. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്. നേരിയ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം നവംബർ 7 നാണ് വില കുത്തനെ താഴേക്ക് പോകുന്നത്. 1320 രൂപയാണ് അന്ന് ഒറ്റയടിക്ക് കുറഞ്ഞത്. തൊട്ടടുത്ത ദിവസം 680 രൂപ വർധിച്ചിരുന്നെങ്കിലും പിന്നീട് താഴേക്ക് തന്നെയായിരുന്നു വില പോയത്. നവംബർ 12 ന് 1080 രൂപയാണ് പവന് കുറഞ്ഞത്. തുടർന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 320, 880 എന്നിങ്ങനേയും കുറഞ്ഞു. ഇന്നലത്തെ ഇടിവും കൂടെയായപ്പോള്‍ സ്വർണ വിലയില്‍ രണ്ടാഴ്ചക്കിടയിലുണ്ടായത് 3600 രൂപയുടെ കുറവാണ്.