സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ഭീകരവാദ ബന്ധം: ഭാവിയിലും കൂടുതല്‍ കള്ളക്കടത്ത് നടത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നു-എന്‍ഐഐ

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വാദവുമായി എന്‍ഐഐ. ഭാവിയിലും കൂടുതല്‍ കളളക്കടത്ത് നടത്താന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയതിന്റെ തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.കസ്റ്റഡിയിലുള്ള പ്രതികള്‍ കൂടുതല്‍ സ്വര്‍ണം കടത്തുന്നതിന് ആസൂത്രണം നടത്തി വരികയായിരുന്നു

കേസിലെ ഒരു പ്രതിക്ക് തീവ്രവാദബന്ധമുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഏതു പ്രതിക്കാണ് തീവ്രവാദബന്ധമെന്ന കോടതിയുടെ ചോദ്യത്തിന് തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കോടതി വെറുതെ വിട്ട മുഹമ്മദ് അലിക്കാണെന്നും അന്വേഷണ സംഘം അറിയിച്ചു. സ്വര്‍ണക്കടത്തു കേസില്‍ 12ാം പ്രതിയാണ് ഇദ്ദേഹം. പ്രതികള്‍ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 90 ദിവസത്തില്‍ നിന്ന് 180 ദിവസം ആക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക വാദം എന്‍ഐഎ, ഉന്നയിച്ചത്. പിടിക്കപ്പെട്ട നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നാലെ കൂടുതല്‍ കള്ളക്കടത്ത് നടത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നു. ഇതിനായി പ്രതി സരിത്ത് നിരവധി രേഖകള്‍ തയ്യാറാക്കി.പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചു. പ്രതികളുടെ ഭാവി പദ്ധതികളുടെ ആസൂത്രണം സംബന്ധിച്ച സുപ്രധാന വിവരങ്ങളാണ് രേഖകളിലുള്ളത്. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷിതത്വം തകര്‍ക്കാനാണ് തുടര്‍ച്ചയായ കള്ളക്കടത്തിന് പ്രതികള്‍ പദ്ധതി തയ്യാറാക്കിയതെന്നും എന്‍ഐഎ വാദിച്ചു.

സ്വപ്ന സുരേഷടക്കം 10 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അതേസമയം കേസിലെ അഞ്ച് പ്രതികളെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദു പി. ടി, ഷറഫുദീന്‍ കെ. ടി, മുഹമ്മദ് ഷഫീഖ്, ഹംജത് അലി, മുഹമ്മദ് അലി എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. മുഹമ്മദലി നേരത്തെ കൈവെട്ട് കേസില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട്ട് കുറ്റവിമുക്തനാവുകയായിരുന്നു. ഇക്കാര്യം എന്‍ഐഎ, കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി. കേസ് ഡയറിയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളും പരിശോധിച്ച ശേഷം കോടതി 10 പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച വിശദമായ വാദംകേള്‍ക്കലിന് മാറ്റിവച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.

Top