സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസ് സംസ്ഥാനത്ത് ഇരുതല മൂർച്ചയുള്ള വാളാണ്. ഇടത് പക്ഷത്തേ , പ്രത്യേകിച്ച് സി.പി.എമ്മിനെ സാരമായി മുറിവേൽപ്പിച്ച ആ വാൾ ഇപ്പോൾ തിരിഞ്ഞിരിക്കുന്നത് കോൺഗ്രസിനും യു.ഡി.എഫിനും നേരെയാണ്. ഒളിഞ്ഞും തെളിഞ്ഞും കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുകയാണ് സ്വർണ്ണക്കടത്ത് കേസ്.
ഏറ്റവും ഒടുവിൽ കോൺഗ്രസ് നേതാവ് വി.ഡി സതീശനെ ടാർജറ്റ് ചെയ്താണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഇദ്ദേഹം നടത്തിയ വിദേശ യാത്രകളും ,പുനർജനി പറവൂർ എന്ന സതീശൻ നേതൃത്വം നൽകുന്ന സംഘടനയുടെ പങ്കും അന്വേഷിക്കണം എന്ന ആവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സതീശനെ കുടുക്കാൻ പര്യാപ്തമായ തെളിവുകൾ ഇതിനുള്ളിൽ ഉണ്ടെന്നാണ് ഈ പ്രചാരക സംഘം വാദിക്കുന്നത്. സതീശനെ പോലെ ഒരു ഉയർന്ന നേതാവിന് സ്വർണ്ണക്കടത്ത് മാഫിയയുമായി ഏതെങ്കിലും ബന്ധം ഉണ്ടെന്ന സൂചന വന്നാൽ ഇത് പ്രതിപക്ഷത്തിന് വൻ തിരിച്ചടിയാകും. ഇത് തിരിച്ചറിഞ്ഞാണ് സി.പി.എം സൈബർ പോരാളികൾ ഇപ്പോൾ ആക്രമണം ഏറ്റെടുത്തിരിക്കുന്നത്.
സംസ്ഥാന മന്ത്രിസഭയ്‌ക്കെതിരെ വി.ഡി സതീശൻ എംഎൽഎ അവിശ്വാസത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് പ്രചാരണം എന്നത് യു.ഡി.എഫും ആയുധമാക്കുന്നു. അദ്ദേഹത്തിന്റെ പി എ നവാസിനെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ ഇത് വ്യാജവാർത്തയാണെന്നും നവാസ് ഇതിനെതിരെ പരാതി നൽകുമെന്നും വി ഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു. സർക്കാരിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയപ്പോൾ തന്നെ ഇങ്ങനെ എന്തെങ്കിലും വരുമെന്ന് തനിക്കറിയാമായിരുന്നു എന്നും അദ്ദേഹം കുറിക്കുന്നു.
സംസ്ഥാന മന്ത്രിസഭയ്‌ക്കെതിരെ വി.ഡി സതീശൻ എംഎൽഎ അവിശ്വാസത്തിന് നിയമസഭാ സെക്രട്ടറിക്ക് ആണ് നോട്ടീസ് നൽകിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഈ സഭ അവിശ്വാസപ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രമേയത്തിന് സഭ കൂടുന്ന 27.7.2020 അവതരണാനുമതി നൽകണമെന്നാണ് കത്തിലെ ആവശ്യം.
സതീശൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
എന്റെ പി എ നവാസിനെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്തു എന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആലുവയിലുള്ള ട്രൂ ലൈൻ എന്ന പോർട്ടലിൽ പി.കെ.സുരേഷ് കുമാർ എന്നയാളാണ് ഈ വാർത്ത ആദ്യം കൊടുത്തത്. ഇയാൾ ആന്തൂരിലെ സാജൻ ആത്മഹത്യ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ അപകീർത്തികരമായ വാർത്ത കൊടുത്തയാളാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ നിരന്തരമായി ഇത്തരം വാർത്തകൾ കൊടുക്കുന്നയാൾ.
കേട്ടപാതി കേൾക്കാത്ത പാതി പല പ്രമുഖരും ഈ വാർത്ത ഷെയർ ചെയ്തു. നവാസ് ഇന്നുതന്നെ പൊലീസിൽ പരാതി കൊടുക്കും. ഇന്ന് രാവിലെ സർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുത്തപ്പോൾ തന്നെ എനിക്കറിയാമായിരുന്നു….. ഇതു പോലെ എന്തെങ്കിലും …..
ഇത് ആസൂത്രണം ചെയ്തവരോട് പറഞ്ഞേക്ക് …. ഞാൻ പേടിച്ചു പോയെന്ന് !!