
കൊച്ചി:ഒടുവിൽ സ്വർക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കുറ്റം സമ്മതിച്ചു. സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് ഉണ്ടെന്നു സ്വപ്‌ന സുരേഷ് സമ്മതിക്കുകയായിരുന്നു . പ്രതികളെ ഹാജരാക്കിയപ്പോൾ എൻഐഎ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും ഭീകരവാദ പ്രവർത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഡിപ്ലൊമാറ്റിക് ബാഗേജ് വഴി തന്നെയാണ് സ്വർണ്ണം കടത്തിയതെന്നും ഇതാദ്യമായി എൻ.ഐ.എ.സ്ഥിരീകരിച്ചു. എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച പ്രതികളുടെ റിമാൻ്റ് റിപ്പോർട്ടിലാണ് ഗൂഢാലോചനയുടെ വിവരങ്ങൾ എൻ.ഐ.എ. വ്യക്തമാക്കുന്നത്.
ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് എൻ.ഐ.എ.അവകാശപ്പെടുന്നത്. സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു. അതേ സമയം പ്രതികൾ മൊബൈലിലെ ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഇവ CDAC ൻ്റെ സഹായത്താൽ വീണ്ടെടുത്തു. ഇവർ വിവരം കൈമാറിയിരുന്നത് ടെലിഗ്രാം ആപ് വഴിയാണ്. സ്വപ്നയുടെ 6 മൊബൈൽ ഫോണുകളും 2 ലാപ്ടോപ്പുകളുമാണ് പിടിച്ചെടുത്തത്. ഫേസ് ലോക്ക് ഉപയോഗിച്ച് പൂട്ടിയ ഇവ എൻ.ഐ.എ സ്വപ്നയെക്കൊണ്ട് അഴിപ്പിച്ചു.
സ്വർണ്ണവും പണവും വിവിധ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്നതായാണ് എൻ.ഐ.യ്ക്ക് അന്വേഷണത്തിൽ വ്യക്തമായത്. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടെന്ന് പ്രതികൾ തന്നെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. 11 സ്ഥലങ്ങളിൽ വച്ച് ഗൂഢാലോചന നടന്നതായി സന്ദീപ് എൻ.ഐ.എ യോട് വെളിപ്പെടുത്തി. ഇവർ കൂടിക്കാഴ്ച്ച നടത്തുന്നതിൻ്റെ ഡിജിറ്റൽ വിഡിയോ റെക്കോർഡിംഗുംഎൻ.ഐ.എക്ക് ലഭിച്ചു.ബാംഗ്ലൂരിലേക്ക് കടക്കും മുൻപ് പ്രതികൾ എറണാകുളത്ത് നാലിടത്ത് ഒളിവിൽ താമസിച്ചതായും സമ്മതിച്ചിട്ടുണ്ട്. വൻതോതിൽ സ്വർണം ഇറക്കുമതി ചെയ്ത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയും ഭദ്രതയും തകർക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് എൻ.ഐ.എ റിമാൻ്റ് റിപ്പോർട്ടിൽ ആരോപിക്കുന്നു.തീവ്രവാദ പ്രവർത്തനത്തിന് പണം കണ്ടെത്താനാണ് സ്വർണ്ണം കടത്തിയതെന്നാണ് കണ്ടെത്തൽ.
റമീസാണ് കേസിലെ കിംങ്ങ് പിൻ എന്ന് എൻ.ഐ.എ പറയുന്നു. ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്തിയത് യു.എ.ഇ യുമായുള്ള നയതന്ത്ര ബന്ധത്തിന് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ലോക് ഡൗൺ കാലത്ത് രാജ്യം സാമ്പത്തികമായി ദുർബലമായിരിക്കുമ്പോൾ കൂടുതൽ അളവിൽ കൂടുതൽ പ്രാവശ്യം സ്വർണ്ണം കടത്താൻ റമീസ് പ്രേരിപ്പിച്ചുവെന്നും നിർദ്ദേശം നൽകിയെന്നും സന്ദീപ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. റമീസിന് വിദേശത്തും നിരവധി ബന്ധങ്ങളുണ്ടെന്ന് ഇയാൾ പറയുന്നു. റമീസിനെയും കേസിൽ ഉൾപ്പെടുത്തുമെന്ന് എൻ.ഐ.എ അറിയിച്ചിട്ടുണ്ട്.