ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസെന്ന് സൂചന.കോണ്‍സുലേറ്റിനെതിരെയും സംശയം!ഉദ്യോഗസ്ഥര്‍ക്കെതിരേ മാനേജരുടെ മൊഴി ; യു.എ.ഇ. സര്‍ക്കാര്‍ നല്‍കിയ പ്രളയഫണ്ടിലും തട്ടിപ്പെന്നു സംശയം

കൊച്ചി:സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് സൂചന. കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ റബിൻസാണെന്നാണ് വിവരം. യുഎഇയിൽ നിന്ന് പാഴ്‌സൽ ഫൈസലിന്റെ പേരിൽ അയച്ചത് റബിൻസാണ്. ദുബായിൽ നടന്ന നീക്കങ്ങളുടെ പിന്നിലും റബിൻസാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിലും റബിൻസിന് അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം.

സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയിലേക്കുള്ള അന്വേഷണത്തിലാണ് എൻഐഎ. റബിൻസിന്റെ ഇടപെടൽ സംബന്ധിച്ചുള്ള വിവരങ്ങൾ എൻഐഎക്ക് നൽകിയത് റോയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. റബിൻസിന്റെ ഇടപെടൽ ഉൾപ്പെടെ അടങ്ങുന്ന റിപ്പോർട്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപ് റോ, എൻഐഎക്ക് കൈമാറിയിരുന്നു. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൈസൽ ഫരീദിനെ സ്വർണക്കടത്തിന് നിയമിച്ചത് റബിൻസാണെന്നാണ് വിവരം. റോ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണം ഇന്ത്യയിലേക്ക് കടത്തി അയച്ചിരുന്നത് റബിൻസാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കും.

അതേസമയം സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം നീളുന്നത് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് തന്നെ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ മാനേജര്‍ ഹാലിദിനെ എന്‍.ഐ.എ. ചോദ്യംചെയ്തു. ഇയാളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത് സ്വര്‍ണക്കടത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക്.

കോണ്‍സുലേറ്റിന്റെ ചുമതലക്കാരെല്ലാം സംശയനിഴലിലാണെങ്കിലും ഇവര്‍ ഇതിനോടകം രാജ്യംവിട്ടു. അന്വേഷണത്തിന് ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) കരുതുന്നത്. യു.എ.ഇ. അറ്റാഷെയുടെ തിരുവന്തപുരത്തെ ഫ്‌ളാറ്റില്‍ എന്‍.ഐ.എ. തെരച്ചില്‍ നടത്തിയെങ്കിലും സന്ദര്‍ശക രജിസ്റ്ററില്‍ വിശദവിവരങ്ങളൊന്നുമില്ലാത്തത് അന്വേഷണസംഘത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ യു.എ.ഇ. സര്‍ക്കാര്‍ നല്‍കിയ സംഭാവന മുഴുവനായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടോ എന്നതും സംശയത്തില്‍. ഇക്കാര്യം അന്വേഷണ പരിധിയില്‍ വരില്ലെങ്കിലും കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന വന്‍തട്ടിപ്പിന്റെ ചുരുളാണഴിയുന്നത്. സ്വപ്‌നയും സംഘവും തലസ്ഥാനത്ത് അഞ്ചിലധികം വീടുകള്‍ വാടകയ്‌ക്കെടുത്തത് സ്വര്‍ണം കൈമാറുന്നതിനാണെന്ന് എന്‍.ഐ.എ. കരുതുന്നു.
അഞ്ചുമാസത്തിനിടെ സ്വപ്‌ന വാടകയ്‌ക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങളായിരുന്നു. പിന്നീട് ഒരു ഫ്‌ളാറ്റും. സന്ദീപ് നായരുടെ ബ്യൂട്ടി പാര്‍ലറിലും വര്‍ക്ക്‌ഷോപ്പിലും ഉള്‍പ്പെടെ ഏഴിടങ്ങളില്‍വച്ച് സ്വര്‍ണ കൈമാറി. സ്വര്‍ണം കടത്താന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ വാഹനവും മറയാക്കി. സന്ദീപിനെയും സ്വപ്‌നയെയും എത്തിച്ചുളള തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

സ്വപ്‌നയ്ക്ക് സഞ്ചരിക്കാന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനം വിട്ടുനല്‍കിയിരുന്നു. ഈ വാഹനത്തില്‍ സരിത്ത് എത്തി കത്ത് കാണിച്ച് ബാഗ് കൈക്കലാക്കും. വാടകയ്‌ക്കെടുത്ത വീടുകളില്‍വച്ചു ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരില്‍ വന്ന വസ്തുക്കള്‍ കോണ്‍സുലേറ്റിലേക്കുളള ബാഗിലും സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ മറ്റ് ബാഗിലേക്കും മാറ്റും.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് സ്വര്‍ണം അടങ്ങിയ ബാഗ് അയയ്ക്കുന്നതെങ്കിലും നയതന്ത്ര സുരക്ഷ ലഭിക്കാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ കത്ത് ഉപയോഗിച്ചിരുന്നു. ഇത് വ്യാജമായി തയാറാക്കിയെന്നാണ് സംശയം. കോണ്‍സുലേറ്റ് വാഹനത്തില്‍ വിമാനത്താവളത്തില്‍ സരിത്ത് എത്തിയത് മാധ്യമപ്രവര്‍ത്തകനോടൊപ്പമായിരുന്നു. ഈ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്റെ തലസ്ഥാനത്തെ വീട്ടില്‍ സ്വപ്‌നയും സന്ദീപും വന്നിരുന്നു.

Top