സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരവ്: കടത്തിയത് പി.പി.എം. ചെയിന്‍സിന്റെ ഉടമയ്ക്കുവേണ്ടി

തിരുവനന്തപുരം: ആഴ്ചകളായി പോലീസിനെ കുഴക്കിവന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ആര്‍ക്കുവേണ്ടിയാണ് സെറിനയും സംഘവും സ്വര്‍ണ്ണം കടത്തിയതെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. പ്രമുഖ സ്വര്‍ണ, വജ്ര നിര്‍മ്മാണ വ്യാപാര സ്ഥാപനമായ പി.പി.എം. ചെയിന്‍സിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് പുതിയ കണ്ടെത്തല്‍.

മുഹമ്മദലിയുടെ കോഴിക്കോടുള്ള വീട്ടില്‍ ഡി.ആര്‍.ഐ പരിശോധന നടത്തി. കേരളത്തിലെ പ്രധാന ജില്ലകളിലും ദുബായിലുമായി ശാഖകളുള്ള സ്ഥാപനമാണ് പി.പി.എം ചെയിന്‍സ്. പി.പി.എം. ചെയിന്‍സിന്റെ തിരുവനന്തപുരം ശാഖാ മാനേജര്‍ ഹക്കീമും കമ്പനി ഡയറക്ടര്‍മാരും ഇപ്പോള്‍ ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായിലെ സ്ഥാപനത്തില്‍ നിന്നുമാണ് സ്വര്‍ണം വാങ്ങിയതെന്ന് പിടിയിലായ സെറീന പറഞ്ഞിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് തിരുമല സ്വദേശി സുനിലിനെയും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി സെറീനയെയും സ്വര്‍ണം കടത്തുന്നതിനിടെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം. അനുകൂലിയും അഭിഭാഷകനുമായ ബിജുവിനും സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

സ്വര്‍ണവുമായി എത്തിയ സെറീനയെയും സുനിലിനെയും കാത്ത് ബിജു വിമാനത്താവളത്തിന്റെ പുറത്ത് കാത്തു നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും പൊലീസ് പിടികൂടിയപ്പോള്‍ ബിജു രക്ഷപ്പെടുകയായിരുന്നു. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ കാരിയര്‍മാരായതെന്ന് സുനിലും സെറീനയും പറഞ്ഞിരുന്നു.

Top