സ്വര്‍ണം പണയം വച്ചെടുത്ത വായ്പ തുക പലിശ സഹിതം തിരിച്ചടച്ചു; ഒരു രൂപ കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് 17 പവന്‍ സ്വര്‍ണം ഉപഭോക്താവിന് നല്‍കാതെ ബാങ്ക്

ചെന്നൈ: ഒരു രൂപ കുടിശ്ശികയണ്ടെന്ന കാരണം പറഞ്ഞ് പണയം വെച്ച സ്വര്‍ണം ഉപഭോക്താവിന് തിരിച്ചുനല്‍കാന്‍ തയ്യാറാകാതെ ബാങ്ക്. തമിഴ്‌നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോഓപ്പറേറ്റിവ് ബാങ്കിന്റെ പല്ലാവരം ബ്രാഞ്ചിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഉപഭോക്താവ്.

സ്വര്‍ണം പണയം വച്ചെടുത്ത വായ്പ തുക പലിശ സഹിതം തിരിച്ചടച്ചെങ്കിലും ഒരു രൂപ കുടിശ്ശികയുണ്ടെന്ന കാരണം പറഞ്ഞ് ഈട് നല്‍കിയ 17 പവന്‍ സ്വര്‍ണ്ണമാണ് തിരികെ നല്‍കാന്‍ ബാങ്ക് തയ്യാറാകാത്തത്. 138 ഗ്രാം സ്വര്‍ണ്ണമാണ് ഒരു രൂപയുടെ കുടിശ്ശിക ഉന്നയിച്ച് തിരികെ കൊടുക്കാതിരുന്നത്. സി കുമാര്‍ എന്നയാളാണ് ഒരു രൂപയുടെ പേരില്‍ സ്വര്‍ണം മടക്കിനല്‍കാത്തതിനെതിരെ മദ്രാസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈടു നല്‍കിയ 138 ഗ്രാം സ്വര്‍ണ്ണം (17 പവന്‍) തിരികെ കിട്ടാന്‍ കുമാര്‍ ബാങ്ക് ശാഖയില്‍ കയറിയിറങ്ങുകയാണ്.

2010 ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ കാര്യങ്ങള്‍ നടന്നത്. 3.50 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് 1.23 ലക്ഷം രൂപയ്ക്ക് ഇയാള്‍ ബാങ്കില്‍ പണയപ്പെടുത്തിയത്. തുടര്‍ന്ന് വായ്പ എടുത്ത തുകയുടെ പലിശയടക്കം അടച്ച് സ്വര്‍ണ്ണം തിരികെ എടുക്കാന്‍ ബാങ്കിനെ സമീപിച്ചു.

എന്നാല്‍ വായ്പ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവുണ്ട് എന്ന വാദം ഉന്നയിച്ച് ഇയാള്‍ ഈടായി നല്‍കിയ സ്വര്‍ണ്ണം തിരിക നല്‍കാന്‍ ബാങ്ക് തയാറായില്ല. മാത്രമല്ല ഇയാളില്‍ നിന്നു ബാങ്ക് കുടിശ്ശികയായി പറയുന്ന ഒരു രൂപ അടയ്ക്കാന്‍ തയ്യാറായിട്ടും അത് സ്വീകരിച്ചില്ല എന്നും ആരോപണമുണ്ട്. കേസില്‍ പരാതിക്കാരന്റെ വാദം കേട്ട കോടതി രണ്ട് ആഴ്ചയ്ക്കുള്ളില്‍ അധികൃതരില്‍ നിന്നുള്ള നിര്‍ദേശം അറിയിക്കാന്‍ ഉത്തരവിട്ടു.

Top