കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കെ ഹമീദിനെ പ്രത്യേക കോടതി ഏഴ് ദിവസത്തേയ്ക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കി. സ്വര്‍ണകടത്ത് ആസൂത്രണം നടത്തിയതും പണം നിക്ഷേപിച്ചതില്‍ പ്രധാനിയും റബിന്‍സെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. റബിൻസ് മുൻപും സ്വർണ്ണക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. 2013 – 2014ലാണ് ഇയാൾ സ്വർണ്ണക്കളളക്കടത്ത് നടത്തിയത്. എന്നാൽ, ഇപ്പോഴത്തെ സ്വർണ്ണക്കടത്തിനെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ റബിൻസ് തയ്യാറാകുന്നില്ല. അതിനാൽ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു. ജൂലൈയിൽ യു എ ഇ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.
ഈ മാസം 25 വരെ യു എ ഇ ജയിലിൽ ആയിരുന്നു. ഉന്നത സ്വാധീനമുള്ള റബിൻസിന് ജാമ്യം അനുവദിച്ചാൽ രാജ്യം വിടുമെന്നും തെളിവ് നശിപ്പിക്കുമെന്നും എൻ ഐ എ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു.
തീവ്രവാദ ബന്ധമുള്ള ഏതാനും പേരുമായി റബിൻസിന് അടുത്ത ബന്ധമുണ്ട്. അതിനാൽ ഇയാൾക്കും തീവ്രവാദ ബന്ധം ഉണ്ടെന്നാണ് എൻ.ഐ.എ. വിലയിരുത്തൽ.സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട നാല് പ്രതികൾ കൂടി യു എ ഇയിൽ ഉണ്ട്. ഫൈസൽ ഫരീദ്, സിദ്ദുഖുൾ അക്ബർ,
അഹമ്മദ് കുട്ടി, രാജു എന്നിവരാണ് യു എ ഇയിൽ ഉളളത്. എൻ ഐ എയുടെ ആവശ്യപ്രകാരം റബിൻസിനെ എഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
ഇതിനിടെ സ്വർണ്ണക്കടത്തിന് പിന്നിൽ യു എ ഇ പൗരൻ ദാവൂദ് അൽ അറബിയെന്ന് കെ ടി റമീസ് അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തി. കോഫ പോസ ബോർഡിന് നൽകിയ അപേക്ഷയിൽ കസ്റ്റംസ് റമീസിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ചിട്ടുണ്ട്. കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും റമീസ് വ്യക്തമാക്കി.
സ്വർണ്ണക്കടത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിച്ചത് യു എ ഇ പൗരനായ ദാവൂദ് അൽ അറബിയാണെന്നാണ് കെ.ടി. റമീസിന്റെ മൊഴി. ഇയാളാണ് റിദേശത്തു നിന്ന് സ്വർണ്ണക്കടത്തിന് ചുക്കാൻ പിടിച്ചത്. ഷമീർ, ഷാഫി എന്നിവരാണ് ദാവൂദ് അൽ അറബിയുടെ കൂട്ടാളികളെന്നും റമീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്തു കേസിൽ നേരത്തെ തന്നെ പിടിയിലായ ആളാണ് ഷാഫി. ഇവർ 12 പ്രാവശ്യം സ്വർണ്ണം കടത്തി. സദ്ദാം ഹുസൈൻ, മുഹമ്മദ് ഹാസിം, സലിം, ഫൈസൽ ഫരീദ് എന്നിവരെയാണ് സ്വർണ്ണം ഇന്ത്യയിലേക്ക് കടത്താനായി നിയോഗിച്ചത്.ഷമീർ സ്വർണ്ണം മുറിക്കുന്നതും പായ്ക്ക് ചെയ്യുന്നതും കണ്ടിട്ടുണ്ടെന്നും റമീസ് നൽകിയ മൊഴിയിൽ പറയുന്നു.
ഈ സ്വർണ്ണക്കടത്തിന്റെ പ്രതിഫലം ദാവൂദിന് നൽകിയത് ഷാഫി വഴിയാണ്. ഓരോ കടത്തിലും കിലോഗ്രാമിന് 4500 യു എ ഇ ദിർഹമായിരുന്നു പ്രതിഫലം. കിലോഗ്രാമിന് 1000 ഡോളർ വീതം യു എ ഇ കോൺസൽ ജനറലിന് പ്രതിഫലം നൽകി. കോൺസൽ ജനറലിനും അറ്റാഷെയ്ക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഷാഫി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദാവൂദ് അൽ അറബിയെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഇതിലില്ല.