സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം – ബി.ജെ.പി ഒത്തു തീർപ്പിനു വഴി തെളിയുന്നു. പാലത്തായി കേസ് അട്ടിമറിച്ചതിലൂടെ ആർ.എസ്.എസിനും സി.പി.എമ്മിനും ഒരു പോലെ ഗുണമുണ്ടാകുന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം ശിവശങ്കരനിൽ അവസാനിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയുമായി ധാരണയിൽ എത്തിയതായാണ് സൂചന. ഇതിനു ഇടനില നിന്നത് മുൻ എം.എൽ.എ കൂടിയായ മുൻ കേന്ദ്രമന്ത്രിയാണ് എന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
പാലത്തായി കേസിൽ ബി.ജെ.പി – ആർ.എസ്.എസ് നേതാവായ പത്മരാജന് ജാമ്യം ലഭിച്ചത് ഈ ധാരണയുടെ ഭാഗമായാണ് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേയ്ക്കു അന്വേഷണം എത്തിയാൽ, സർക്കാരിനെ മാത്രമല്ല മുഖ്യമന്ത്രിയെ തന്നെ നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തിലാണ് സർക്കാർ ഇപ്പോൾ ബി.ജെ.പിയുമായി ഒത്തു തീർപ്പിനു തയ്യാറായിരിക്കുന്നത്.
കൊവിഡിന്റെ അവസാന ഘട്ടം വരെ പിണറായി സർക്കാർ തുടർ ഭരണം പ്രതീക്ഷിച്ചിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് സ്വർണ്ണക്കടത്ത് കേസ് എത്തിയത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഇമേജിന് വലിയ കോട്ടം തട്ടിയിട്ടുമുണ്ട്. ഇത് മറികടക്കണമെങ്കിൽ സർക്കാരിന് ഇനി ബി.ജെ.പിയുടെ രഹസ്യമായുള്ള പിൻതുണ ലഭിച്ചെങ്കിൽ മാത്രമേ സാധിക്കൂ. കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി നിൽക്കുകയും, ബി.ജെ.പി അഞ്ചിലേറെ സീറ്റുകൾ വിജയിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ അടുത്ത തവണ പിണറായി വിജയന് വീണ്ടും അധികാരത്തിൽ എത്താൻ സാധിക്കൂ.
നിലവിൽ പിണറായി വിജയന് മുന്നിൽ തുടർ ഭരണത്തിനു വെല്ലുവിളിയായി നിൽക്കുന്നത് സ്വർണ്ണക്കടത്ത് കേസാണ്. ബി.ജെ.പി പിൻതുണയോടെ എൻ.ഐ.എ പിന്നോട്ടു ചാഞ്ഞാൽ സ്വാഭാവികമായും സർക്കാരിന് തുടരാനുള്ള അധികാരം ലഭിക്കുമെന്നാണ് സി.പി.എം വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി.യുമായി രഹസ്യമായി സന്ധി ചെയ്ത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും സർക്കാർ തലയൂരാൻ ശ്രമിക്കുന്നത്.
അടുത്ത അഞ്ചു വർഷം കൂടി പിണറായി സർക്കാർ അധികാരത്തിൽ തുടർന്നാൽ, പിന്നീടുള്ള തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുമെന്നു ബി.ജെ.പി കണക്കു കൂട്ടുന്നു. ഇതിനു വേണ്ടി അടുത്ത അഞ്ചു വർഷം കൂടി പിണറായി ഭരിക്കുന്നതു നോക്കി കാത്തിരിക്കാൻ തയ്യാറാണ് എന്ന നിലപാടാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
അടുത്ത അഞ്ചു വർഷം കൊണ്ടു കേരളത്തിൽ ജനകീയ അടിത്തറ ശക്തമാക്കാനും ആവശ്യമെങ്കിൽ കോൺഗ്രസിൽ നിന്നു സംസ്ഥാന നേതാക്കളെ അടക്കം പുറത്ത് എത്തിക്കാനും ബി.ജെ.പി പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്.