തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനുള്ള പ്ലാൻ ബി.യുമായി ബി.ജെ.പി. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവ് ശേഖരിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയതെന്ന വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.
സ്വപ്ന സുരേഷിനോട് മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചതായി മൊഴി പുറത്തു വന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ കൂടുതൽ വ്യക്തമായത്. സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയായ സിജി വിജയനാണ് കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തിയ ഗൂഡാലോചന വ്യക്തമാക്കി മൊഴി നൽകിയിരിക്കുന്നത്.
സ്വപ്നയെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാണ് മൊഴി. ശബ്ദരേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നൽകിയത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായുള്ള സ്വപ്നയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്.സിജിയുടെ ഫോണിൽ നിന്ന് സ്വപ്ന സംസാരിച്ചുവെന്നായിരുന്നു ആരോപണം
ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണ്.സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്.ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നതും കേട്ടു. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥർ ഇടക്കിടക്ക് ഫോണിൽ സംസാരിക്കുമെന്നും വനിതാ സിവിൽ പൊലീസ് ഓഫീസ്.പീഡിപ്പിക്കുന്ന കാര്യം സ്വപ്ന കോടതിയിലും പറഞ്ഞു. പ്രഷർ കൊടുത്ത് ചോദ്യം ചെയ്തത് രാധാകൃഷ്ണൻ ആയിരുന്നു എന്നും മൊഴി നൽകിയിട്ടുണ്ട്.
സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ സിവിൽ പൊലീസ് ഓഫീസർ മൊഴി നൽകിയത്.മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടർന്നാണു യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തിയതെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ടെന്നു കസ്റ്റംസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരന്നു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മൊഴി നൽകുന്നതിനായി അഭിഭാഷക ദിവ്യ എസ് കസ്റ്റംസിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം കരമന സ്വദശിയായ ദിവ്യ കൈകുഞ്ഞുമായാണ് മൊഴിനൽകാൻ എത്തിയത്. ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോർട്ട് അടക്കം ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.