ന്യൂഡല്‍ഹി: ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാകണം ഉത്പന്നങ്ങളുെട പരമാവധി വില്‍പ്പന വില (എം.ആര്‍.പി) നിശ്ചയിക്കേണ്ടതെന്ന് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ശുപാര്‍ശ ചെയ്തു. പരമാവധി വില്‍പ്പന വിലയ്ക്ക് പുറമെ ചരക്ക്-സേവന നികുതിയുടെ പേരില്‍ ചില വില്‍പ്പനക്കാര്‍ ഉത്പന്നങ്ങള്‍ക്ക് അധികവില ഈടാക്കുന്നെന്ന പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
ചില്ലറവില്‍പ്പനയില്‍ ഉത്പന്നം വില്‍ക്കേണ്ട പരമാവധി വിലയാണ് എംആര്‍പി. അതിന് മുകളില്‍ അധികതുക ഈടാക്കുന്നത് നിലവിലെ എംആര്‍പി നിയമപ്രകാരം കുറ്റകരമാണെന്നും സര്‍ക്കാര്‍ ഉചിതമായ രീതിയില്‍ വ്യക്തമാക്കണമെന്നും അസം ധനമന്ത്രി ഹിമാന്‍ത ബിശ്വ ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിഎസ്ടി കൗണ്‍സിലിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. ഇത് ചെറുകിട-ഇടത്തരം സംരംഭങ്ങളെക്കുറിച്ചുയരുന്ന പരാതികള്‍ കുറയ്ക്കാന്‍ സഹായിക്കും.
കുപ്പിവെള്ളമുള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് എംആര്‍പിയെക്കാള്‍ കൂടിയ വില ജിഎസ്ടിയുടെ പേരില്‍ ഈടാക്കുന്ന റസ്റ്റോറന്റുകള്‍, ലഘുഭക്ഷണശാലകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ നിയമം നിര്‍ബന്ധമാക്കണം.എന്നാല്‍ സര്‍ക്കാരില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി ഇന്‍വോയ്സ് നല്‍കുമ്പോഴും നികുതി അടയ്ക്കുമ്പോഴും വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉത്പന്നങ്ങളുടെ വില്‍പ്പന വിലയും ജിഎസ്ടി നിരക്കും പ്രത്യേകം കാണിക്കാവുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നം വില ഉയര്‍്തി മറികടക്കാനാണ് വ്യാപാരികളുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.
ഉപഭോക്താവിന് നല്‍കുന്ന ബില്ലില്‍ ചരക്ക്സേവന നികുതിയുള്‍പ്പെട്ട എംആര്‍പിയായിരിക്കണം നല്‍കേണ്ടത്. നികുതിയടയ്ക്കാനായി സര്‍ക്കാരിന് നല്‍കുന്ന ഇന്‍വോയിസില്‍ മാത്രം ജിഎസ്ടിയും വില്‍പ്പനവിലയും വിഭജിച്ച് നല്‍കിയാല്‍ മതി മന്ത്രിതലയോഗത്തിന്റെ ശുപാര്‍ശയില്‍ പറയുന്നു. വംബര്‍ പത്തിന് ഗുവാഹാട്ടിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിതലയോഗത്തിന്റെ ശുപാര്‍ശകള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വൈകിയാല്‍ ഒരു ദിവസത്തേക്ക് 100 രൂപ എന്ന നിരക്കില്‍ ഈടാക്കുന്ന പിഴ അമ്പത് രൂപയാക്കി കുറയ്ക്കണമെന്നും മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും യോഗം ശുപാര്‍ശ ചെയ്തു. നിലവില്‍ 1.5 കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാനും നികുതിയടയ്ക്കാനുമുള്ള സൗകര്യമുള്ളത്.
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍, എച്ച്.എസ്.എന്‍.കോഡ്, ഇന്‍വോയ്സ് മാച്ചിങ് എന്നിവ ലളിതമാക്കണമെന്നും ശുപാര്‍ശയിലുണ്ട്. ഒരു കോടിയില്‍ക്കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള ഉല്‍പാദകര്‍ക്കും റസ്റ്റോറന്റുകള്‍ക്കും ജി.എസ്.ടി. ഒരു ശതമാനമാക്കാനുള്ള നിര്‍ദേശമാണ് യോഗത്തിന്റെ പ്രധാന ശുപാര്‍ശ. നിലവില്‍ കോമ്പോസിറ്റ് ജി.എസ്.ടിയ്ക്ക് കീഴില്‍ ഒരു കോടിയില്‍ക്കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള നിര്‍മാതാക്കള്‍ രണ്ട് ശതമാനവും റസ്റ്റോറന്റുകള്‍ അഞ്ച് ശതമാനവുമാണ് നികുതിയായി നല്‍കേണ്ടത്. അതേ സമയം വ്യാപാരികള്‍ ഒരു ശതമാനം നികുതി നല്‍കിയാല്‍ മതി. 7500 രൂപയില്‍ കൂടുതല്‍ വാടകയുള്ള റസ്റ്റോറന്റ് മുറികളെ പഞ്ചനക്ഷത്ര വിഭാഗത്തില്‍പ്പെടുത്തുന്നതിന് പകരം 18 ശതമാനം ജി.എസ്.ടി. ചുമത്തണമെന്നും നിര്‍ദേശങ്ങളിലുണ്ട്.