സര്‍ക്കാര്‍ ചന്ദ്രബോസിന്റെ കുടുംബത്തിനൊട് നീതി കാണിച്ചോ?ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ജോലി ഇപ്പോഴും കിട്ടാക്കനി.

തൃശൂര്‍:ചന്ദ്രബോസ് കേസില്‍ വിധി വരുമ്പോഴും അദ്ധേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല.പ്രതി നിസാമിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം വിധി വന്ന ഘട്ടത്തിലും പാഴ്‌വാക്കായി മാറുകയാണ്.

 

ഒരു കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു നിസാമിന്റെ കൊലവെറിക്ക് ഇരയായ ചന്ദ്രബോസ്.എന്‍ജിനിയറിങ്ങിന് പഠിക്കുന്ന മകളും പത്താം തരത്തില്‍ പഠിക്കുന്ന മകനും ഭാര്യയും അമ്മയുമടങ്ങുന്ന കുടുംബത്തിന് വേണ്ടിയാണ് ഉറക്കമിളച്ചും ചന്ദ്രബോസ് ശോഭാസിറ്റിയുടെ കവാടത്തില്‍ കാവല്‍ നിനിരുന്നത്.അവിടെ നിന്ന് കിട്ടുന്ന തുഛമായ വേതനം കുടുംബത്തിന് ഒരു ആശ്വാസമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ചന്ദ്രബോസ് കൊല്ലപ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്.ചന്ദ്രബോസിന്റെ ഭാര്യക്ക് സര്‍ക്കാര്‍-അര്‍ദ്ദസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം .പക്ഷെ കെസ് ഒന്ന് ആറി തണുത്തപ്പോള്‍ വാക്കു നല്‍കിയ മുഖ്യമന്ത്രി പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല.ബോസിന്റെ ഭാര്യ കൂലിപ്പണിയെടുത്താണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്.കേസിനെ കാര്യങ്ങളുമായി കോടതിയിലും മറ്റും പോകുന്ന തിരക്കായതിനാല്‍ ഇതില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.
വിഎസ് സുനില്‍കുമാര്‍ എംഎല്‍എ അടക്കം നിരവധി പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടിട്ടും ജോലി എന്നത് ഇപ്പോഴും ഇവര്‍ക്ക് കിട്ടാകനിയായി നില്‍ക്കുകയാണ്.
സര്‍ക്കാര്‍ ഒരിൂ നിര്‍ദ്ധന കുടുംബത്തെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് ബാബു എം പാലിശേരി എംഎല്‍എ ആരോപിച്ചു.സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കണമെന്നാണ് ചന്ദ്രബോസിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആവശ്യം.

അതിനിടെ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊലപാതകം അടക്കം ഒന്‍പത് വകുപ്പുകളനുസരിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി.സുധീറാണ് വിധി പറഞ്ഞത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കോടതിയില്‍ വാദിച്ചു. നിസാം പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ദോഷമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നിസാമിന് 5000 കോടിയുടെ സ്വത്തുണ്ടെന്നും അഞ്ച് കോടി രൂപ ചന്ദ്രബോസിന്‍റെ കുടുംബത്തിന് നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സാക്ഷി മൊഴികള്‍ തെളിവായി സ്വീകരിക്കണമെന്ന സുപ്രീകോടതിയുടെ ആറ് വിധിപകര്‍പ്പുകള്‍ പ്രോസിക്യൂഷന്‍ വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചു.

ഇതിനെ എതിര്‍ത്ത പ്രതിഭാഗം സംഭവം അപൂര്‍മായി കണക്കാക്കാനാകില്ലെന്ന് വാദിച്ചു. പൊലീസുകാരെ കൊന്ന പ്രതികളെ വെറുതെ വിട്ട നാല് സുപ്രീംകോടതി വിധി പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. കുറ്റകൃതങ്ങള്‍ തെളിഞ്ഞതായും പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിയാണെന്നും വ്യക്തമാക്കിയ കോടതി നിസാമിന് പറയാനുള്ളതും കൂടി കേട്ടശേഷം ശിക്ഷ വിധിക്കുമെന്ന് അറിയിച്ചു. താന്‍ വിവാഹിതനാണെന്നും കൂട്ടുകുടുംബമായതിനാല്‍ നിരവധി പേര്‍ തന്നെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നും വെറുതെ വിടണമെന്നും നിസാം കോടതിയെ ബോധിപ്പിച്ചു.

തുടര്‍ന്നാണ് കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നറിയിച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചത്. ഇന്ന് ആദ്യകേസായി പരിഗണിച്ച കേസിന്‍റെ നടപടികള്‍ അരമണിക്കൂറിനകം പൂര്‍ത്തിയാക്കി. സുപ്രീംകോടതി നിരീക്ഷണം ഏര്‍പ്പെടുത്തിയ കേസായതിനാലും ഏറെ വിവാദമുയര്‍ത്തിയ കേസായതിനാലും കോടതി പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. വിധി കേള്‍ക്കാനായി ചന്ദ്രബോസിന്‍റെ കുടുംബവും നിസാമിന്‍റെ കുടുംബവും രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ച് പരുക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു. മൂന്ന് കമ്മിഷണര്‍മാര്‍ മേല്‍നോട്ടം വഹിച്ച്, പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്. നേരത്തെ കേസില്‍ നിസാമിന്‍റെ ജാമ്യപേക്ഷ തള്ളിയ സുപ്രീംകോടതി ജനുവരി 31നകം വിധി പറയണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇതിനു ശേഷവും തടസവാദങ്ങളുന്നയിച്ച് വിചാരണ തടസപ്പെടുത്താനും വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാനുമുള്ള ശ്രമവുമുണ്ടായെങ്കിലും ഹൈകോടതിയും സുപ്രീംകോടതിയും ഒരുപോലെ അപേക്ഷകള്‍ നിരാകരിച്ചു. വാദം പൂര്‍ത്തിയായതിന് ശേഷവും സുപ്രീംകോടതിക്ക് മുന്നില്‍ അപേക്ഷയെത്തിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു.

Top