സോളാറില്‍ കുരുങ്ങി ഉമ്മന്‍ ചാണ്ടി,മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണംനടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി,ആര്യാടനെതിരേയും എഫ്‌ഐആര്‍,ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന് കോടതി.

തൃശൂർ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വൈദ്യുതമന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ എഫ്‌ഐആർ ഇട്ട് കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. സോളാർ കേസിൽ സരിതാ നായരുടെ വെളിപ്പെടുത്തലാണ് ഇതിന് കാരണം. ഇരുവർക്കും കൈക്കൂലി നൽകിയെന്ന് സരിത പറഞ്ഞിരുന്നു. അസാധാരണ സാഹചര്യത്തിൽ അസാധാരണ ഉത്തരവിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടേ എന്നും തൃശൂർ കോടതി വിശദീകരിച്ചു. ബാർ കോഴയിൽ ഇതേ കോടതിയാണ് കെ ബാബുവിനെതിരെ എഫ് ഐ ആർ ഇടണമെന്ന് നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിലായിരുന്നു ബാബുവിന്റെ രാജി. അതുകൊണ്ട് തന്നെ സരിതയുടെ വെളിപ്പെടുത്തലിൽ തൃശൂർ വിജിലൻസ് കോടതി ഉത്തരവിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.
വില്ലേജ് ഓഫീസർക്കും മുഖ്യമന്ത്രിയക്കും പ്രധാനമന്ത്രിക്കും തുല്യനീതി മാത്രമേ പറയാനുള്ളൂ. ഭരണഘടനയുടെ ആർട്ടിക്കൾ 14ൽ ഇത് വ്യക്തമവുമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് എതിരെ എഫ്‌ഐആർ ഇടാൻ നിർദ്ദേശം. ഇതോടെ മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയും ആര്യാടൻ മുഹമ്മദും കേസിൽ പ്രതിയാകുമെന്ന സാഹചര്യം വന്നു. പൊതുപ്രവർത്തകനായ ടിഡി ജോസഫാണ് ഹർജി നൽകിയത്. സോളാർ കമ്മീഷനിൽ ഇന്നലെ സരിത നടത്തിയ വെളിപ്പെടുത്തലാണ് ഇതിന് കാരണം. മുഖ്യമന്ത്രിക്ക് ഒരു കോടി എൺപത് ലക്ഷവും ആര്യാടന് 40 ലക്ഷവും നൽകിയെന്നായിരുന്നു സരിതയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പത്രകട്ടിംഗുകളുമായി തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.
ഹർജി പരിഗണിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിക്ക് എതിരെ എഫ് ഐ ആർ ഇടാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. കെ ബാബുവിനെതിരേയും ഇതേ കോടതിയാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചത്. അന്ന് ധാർമികത ഉയർത്തി കെ ബാബു രാജിവച്ചു. എഫ്‌ഐആർ ഇട്ട സാഹചര്യത്തിൽ സാങ്കേതികത പറയാനില്ലെന്നായിരുന്നു ബാബു പറഞ്ഞത്. ഇതിനെ വാനോളം പുകഴ്‌ത്തുകയും ചെയ്തു മുഖ്യമന്ത്രി. അതിന് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ നീക്കവും നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിൽ സോളാർ കേസിലെ അഴിമതിയിൽ മുഖ്യമന്ത്രിക്ക് എതിരെ എഫ്‌ഐആർ ഇടാൻ കോടതി ഉത്തരവ് വന്നത്.
അതുകൊണ്ട് തന്നെ ബാബുവിന്റെ രാജിക്കുള്ള സാഹചര്യം മുഖ്യമന്ത്രിയുടേയും ആര്യാടന്റേയും കാര്യത്തിലും എത്തുകയാണ്. കോൺഗ്രസ് ഹൈക്കാണ്ടിന്റേയും കെപിസിസിയുടേയും നിലപാടാകും നിർണ്ണായകം. ബാബുവിനെതിരെ കോടതി പരമാർശം വന്നപ്പോൾ അതീവഗുരുതര സാഹചര്യമാണുള്ളതെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇനി സുധീരൻ എന്തു പറയുമെന്നതും നിർണ്ണായകമാണ്.
Top