പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന രണ്ട് മണ്ഡലങ്ങളിലും നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ നടപടിക്കെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്. താന്‍ മത്സരിക്കാന്‍ തീരുമാനിച്ചത് വമ്പന്‍മാര്‍ക്കെതിരെയാണ്. പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയക്കളിയുണ്ടെന്നും സരിത പറഞ്ഞു. എന്നാല്‍ പത്രിക തള്ളിയത് നല്ലതിനാണെന്നും സരിത വ്യക്തമാക്കി.

തനിക്കെതിരെ നടക്കുന്ന അനീതികളെ കൂടുതല്‍ വ്യക്തമായി തുറന്നുകാട്ടാന്‍ ഇത് സഹായിക്കും. അതേസമയം അപ്പീല്‍ തള്ളിയ നടപടിക്കെതിരെ ഇന്ന് തന്നെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സരിത വ്യക്തമാക്കി. സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച് കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്.

ജനപ്രാതിനിധ്യനിയമ പ്രകാരം രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രികകള്‍ തള്ളിയത്. സരിത വിധിക്കെതിരെ സ്റ്റേ വാങ്ങിയിരുന്നെങ്കിലും അനുവദിച്ച സമയത്തിനുള്ളില്‍ ഈ ഉത്തരവ് സമര്‍പ്പിക്കാത്തതിനാലാണ് പത്രിക തള്ളുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. രണ്ട് മണ്ഡലത്തിലും സരിത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു.

Top