സരിതയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു. നടപടി വിവാദത്തില്‍

കണ്ണൂര്‍: സോളാര്‍ വിവാദ നായിക സരിതയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.സോളാര്‍ കേസിലെ പ്രതി സരിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനും ചില മന്ത്രിമാര്‍ക്കും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ഫോണ്‍ വിളി രേഖകള്‍ ആണു സിവില്‍ പോലീസ് ഓഫീസര്‍ നിജേഷ് പുറത്തുവിട്ടിരുന്നത് .അത് സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന് ആഞ്ഞടിക്കാനും വഴിയായി. മന്ത്രിസഭയെ വലിയ സമ്മര്‍ദ്ദത്തിലുമാക്കിയിരുന്നു.അന്നത്തെ ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂരും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം സംശയത്തിന്‍റെ നിഴലിലുമായിരുന്നു.ചിലര്‍ക്കെതിരെ അന്വേഷണവും നടക്കുന്നു. ഇതിനിടയിലാണ് സിവില്‍ പോലീസ് ഓഫീസറെ സര്‍വ്വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ട് മുഴുവന്‍ ഉത്തരവാദിത്വവും ഇയാളുടെ തലയില്‍ കെട്ടിവെച്ച് ഭരണപക്ഷം മുഖം സംരക്ഷിച്ചിരിക്കുന്നത്.എന്നാല്‍ പിരിച്ചുവിട്ട ഉത്തരവ് കൈപ്പറ്റാതെ നിജേഷ് അവധിയില്‍ പ്രവേശിച്ചു.
അതിനിടെ സിവില്‍ പോലീസ് ഓഫീസറെ പിരിച്ചുവിട്ട നടപടി പോലീസിനകത്ത് വിവാദങ്ങളുണ്ടാക്കുന്നു. ഗ്രൂപ്പ് പോരിന്‍റെ ഭാഗമായി പുറത്തുവന്ന വിവരങ്ങളുടെ പേരില്‍ പോലീസുകാരനെ ബലിയാടാക്കിയെന്നാണ് മുന്‍ സംഘടനാ ഭാരവാഹികള്‍ പറയുന്നത് . ഇതിനെതിരെയാണ് പോലീസിനകത്ത് അമര്‍ഷം പുകയുന്നത്. മന്ത്രിസഭയിലെ ഉന്നതര്‍ ഉദ്യോഗസ്ഥെനെ ബലിയാടാക്കിയെന്നാണ് ഇവര്‍ അരോപിക്കുന്നത്. മാത്രമല്ല രേഖ ചോര്‍ത്തിയത് ഇയാളാണെന്ന് പൂര്‍ണ്ണമായും തെളിഞ്ഞിട്ടില്ലെന്നും പറയുന്നു.
തലശ്ശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഡിആര്‍ ശേഖരിച്ചത് എസ്.ഐ ബിജു ജോണ്‍ ലൂക്കോസ് ആണ്. എസ്.ഐക്കെതിരെയും വകുപ്പ് തല അന്വഷണം നടക്കുന്നു. തിരുവനന്തപുരത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം ഉണ്ടായിരുന്നു. എന്നാല്‍ തിടുക്കപ്പെട്ട് നിജേഷിനെ പിരിച്ചുവിട്ടത് തെറ്റാണെന്ന് മുന്‍ ഇടത് അനുകൂല പോലീസ് അസോസിയോഷന്‍ നേതാക്കള്‍ പറയുന്നു. ഉത്തരവ് ഇന്നാണ് ത്രിശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്റ്റേഷനിലേക്ക് അയച്ചത് എന്നാല്‍ ഇന്നലെ തന്നെ പോലീസുകാരന്‍ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. അപ്പീലുമായി ഡിജിപിയെ സമീപിക്കാനും പദ്ധതിയുണ്ട്.

Top