സാമുദായിക ശക്തികളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയം തുടരുന്നു;പെന്തകോസ്ത് സഭക്ക് സര്‍ക്കാധരിന്റെ വഴിവിട്ട സഹായം.

ഇരവിപേരൂര്‍: ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മഴവെള്ള സംഭരണി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച പണം ഉപയോഗിച്ച് സംഭരണി നിര്‍മ്മിച്ചത് ബൈബിള്‍ കോളജിന്റെ പറമ്പില്‍. ഇവിടേക്ക് നാട്ടുകാര്‍ പ്രവേശിക്കുന്നത് തടയാന്‍ കോളജ് അധികൃതര്‍ കാവലും ഏര്‍പ്പെടുത്തി.

ചുരുക്കിപ്പറഞ്ഞാല്‍, നാട്ടുകാരുടെ പേരില്‍ സര്‍ക്കാരിന്റെ വഴിവിട്ട സഹായം ലഭിച്ചത് കോടികള്‍ ആസ്തിയുള്ള പെന്തക്കോസ്ത് സഭയുടെ ബൈബിള്‍ കോളജിനും. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 20 ലക്ഷം രൂപയാണ് പഞ്ചായത്തിലുള്ള ഐ.പി.സി. സെന്ററിന്റെ ബൈബിള്‍ കോളജിന് ഉന്നതങ്ങളിലെ സ്വാധീനത്തിലൂടെ ലഭിച്ചത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മതസംഘടനകള്‍ക്ക് ഭൂമി പതിച്ചു കൊടുത്തതു പോലുള്ള കടുംവെട്ടാണ് ഇതും. മഴവെള്ളസംഭരണി നിര്‍മ്മിക്കാനെന്ന പേരില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ എന്ന പദ്ധതിയിലാണ് പണം അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20132014 സാമ്പത്തിക വര്‍ഷത്തില്‍ പണം അനുവദിക്കുമ്പോള്‍ സമീപവാസികളുടെ കൃഷിക്കു കൂടി സഹായകമായ തരത്തില്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ചിരിക്കുന്നുവെന്നു വ്യാജമായി കാണിച്ചാണ് സര്‍ക്കാര്‍ സഹായം നേടിയെടുത്തത്. 60 ലക്ഷം രൂപ ചെലവില്‍ ഒന്നേകാല്‍ കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി രണ്ടേക്കര്‍ സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാണ് 20 ലക്ഷം രൂപ സഹായമായി ലഭിച്ചത്. വിവരാവകാശപ്രകാരം ലഭിച്ച രേഖകളിലാണ് സര്‍ക്കാര്‍ സഹായം ലഭ്യമായത് സംബന്ധിച്ച് വിവരങ്ങള്‍ ഉള്ളത്.

അടുത്തിടെ ബൈബിള്‍ കോളജില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാത്ത തരത്തില്‍ നിര്‍മ്മാണം നടക്കുന്നതായിക്കാണിച്ച് നാട്ടുകാര്‍ പഞ്ചായത്ത് തലത്തിലും സബ് കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതി പരിശോധിക്കാനെത്തിയ പഞ്ചായത്ത് അസി. സെക്രട്ടറി ജയന്‍ ഉള്‍പ്പെടെയുള്ളവരെ കോളജ് അധികൃതര്‍ തടഞ്ഞു വച്ചത് ഏറെ വിവാദമായിരുന്നു. അന്നത്തെ കൃഷി ഓഫീസര്‍ ആര്‍. അജയകുമാറിന്റെ ശുപാര്‍ശയോടെയാണ് ധനസഹായം അനുവദിച്ചത്.

പഞ്ചായത്ത് ഭരണ സമിതിയോ സ്ഥലത്തെ ജനപ്രതിനിധിയോ ഇതു സംബന്ധിച്ച് ഒരു വിവരവും അറിഞ്ഞില്ല എന്നതും ഉന്നതങ്ങളിലെ ഇടപെടല്‍ വ്യക്തമാക്കുന്നു. കൃഷി വകുപ്പിന്റെ ധനസഹായ പദ്ധതികള്‍ ജനപ്രതിനിധികളോ പഞ്ചായത്തോ അറിയാതിരിക്കുന്നതാണ് ഇത്തരം സ്വജനപക്ഷപാതത്തിന് കാരണമാകുന്നതെന്ന് വ്യാപകമായി പരാതിയുണ്ട്. കൃഷി വകുപ്പ് നടപ്പാക്കുന്ന പല പദ്ധതികളും ചില പോക്കറ്റുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ഇതിനിടെയാണ് പൊതുജനങ്ങള്‍ക്ക് പ്രയോജനകരമെന്ന പേരില്‍ സ്വകാര്യ ബൈബിള്‍ കോളജിന് പണം നല്‍കിയത്.

അധികൃതര്‍ക്ക് കയറാന്‍ കഴിയാത്തിടത്ത് പൊതുജനങ്ങള്‍ എങ്ങനെ കയറി വെള്ളം ഉപയോഗിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. കെ ഇ ഏബ്രഹാം ഫൗണ്ടേഷന്റെ പേരില്‍ പാസ്റ്റര്‍ ടി.എസ്.ഏബ്രഹാമാണ് അപേക്ഷ സമര്‍പ്പിച്ച് ധനസഹായം നേടിയത്. ഇത്രയും തുകയുണ്ടായിരുന്നെങ്കില്‍ സമീപ വാസികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Top