ജമ്മു കശ്‍മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. ശത്രുക്കളായിരുന്ന പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഒപ്പം കോണ്‍ഗ്രസും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി.
ബദ്ധവൈരികളായ പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരുന്നു സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം തേടി മെഹബൂബ മുഫ്തി കത്ത് നല്‍കിയതിന് പിന്നാലെയാണ് നിയമസഭ പിരിച്ച് വിട്ടത് .
നേരത്തെ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനൊടുവില്‍ പി.ഡി.പി നേതാവ് അല്‍താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പി.ഡി.പി എം.എല്‍.എമാരെ പിടിക്കാനുള്ള ബി.ജെ.പിയുടെയും 25 എം.എല്‍.എമാരുള്ള ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 2 എം.എല്‍.എമാരുള്ള സജ്ജാദ് ലോണിന്‍റെ പീപ്പിള്‍സ് പാര്‍ട്ടിയുടെയും നീക്കങ്ങളാണ് ഇതോടെ പൊളിഞ്ഞത്. ബി.ജെ.പിക്കും സജ്ജാദ് ലോണിന്‍റെ പീപ്പിള്‍സ് പാര്‍ട്ടിക്കുമെതിരായി ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ്- പിഡിപി സഖ്യത്തിന് 54 എംഎല്‍എമാരുടെ പിന്തുണയുണ്ട്. മെഹബൂബ മുഫ്തിയും സജാദ്ലോണും അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ നാടകങ്ങളാവും വരും ദിവസങ്ങളില്‍ ജമ്മു കശ്മീരില്‍ നടക്കുക. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരും അമിത് ഷായും സ്വീകരിക്കുന്ന തുടര്‍ നിലപാടുകള്‍ എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നീരിക്ഷകര്‍.