തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വിസിയോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃശൂര്‍ കേരള വര്‍മ കോളേജിൽ അധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ വിസിയുടെ കാലാവധി നീട്ടുന്നതിന് മുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു.
പരാതി കിട്ടിയാല്‍ ചവറ്റുകുട്ടയില്‍ ഇടാന്‍ കഴിയില്ല. സ്വഭാവികമായും ഉത്തരവാദിത്തപ്പെട്ടവരോട് വിശദീകരണം തേടും. മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ കണ്ണൂർ വിസിയോട് അടിയന്തിരമായി ഗവർണര്‍ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു ജി സി ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗ്ഗീസിന്‍റെ നിയമനമെന്നായിരുന്നു പരാതി. യോഗ്യതയുള്ളവരെ തഴഞ്ഞ് പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയെന്നും ആക്ഷേപം ഉയർന്നിരുന്നു. പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയതിന്‍റെ പാരിതോഷികമായാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന ആരോപണവും ഉണ്ടായിരുന്നു. നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഇടപെടൽ.
തൃശൂർ കേരള വർമ്മ കോളേജിൽ അധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വിസി യുടെ കാലാവധി നീട്ടുന്നതിന് തൊട്ടു മുൻപ് മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായി അഭിമുഖം നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. യു ജി സി റെഗുലേഷൻ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയിരുന്നു.