ജി എസ് ടി-ഇന്ത്യ കണ്ട ഏറ്റവും വലിയ പരിഷ്കാരങ്ങളിൽ ഒന്ന്-കേന്ദ്ര മന്ത്രി ഹർഷ വർധൻ

തിരുവനന്തപുരം :ഇന്ത്യ കണ്ട ഏറ്റവും വലിയ പരിഷ്കാരങ്ങളിൽ ഒന്നാണ് ചരക്ക് സേവന നികുതി ബില്ല് എന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ ഹർഷ വർധൻ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. 15 വർഷത്തെ നീണ്ട യാത്രക്ക് ശേഷമാണ് ജി എസ് ടി അതിന്റെ പൂർണ രൂപത്തിലെത്തി രാജ്യത്തെ ജനങ്ങളുടെ ആകമാനം പിന്തുണയോടെ നടപ്പാക്കുന്നത്. ജൂൺ 30 നു അർദ്ധരാത്രിയിൽ രാഷ്ട്രപതിയുടെയും മുൻ പ്രധാനമന്ത്രിയുടെയും ഇരു സഭകളുടെയും മുന്നിൽ വച്ച് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി പ്രഖ്യാപിക്കുന്നതും ആ സേവനം പ്രാബല്യത്തിൽ വരുന്നതും. രാജ്യത്തെ ഈ സംവിധാനം “ഒരു ടാക്സ് – ഒരു കമ്പോളം” എന്ന രീതിയിൽ സമന്വയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബിജെപി തിരുവനതപുരം ജില്ലാ കമ്മിറ്റിയുടെയും ബിജെപി ജില്ലാ ഇൻഡസ്ട്രിയൽ സെല്ലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ജി എസ് ടി യെ കുറിച്ചുള്ള ചർച്ച ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ വർധൻ . ജി എസ് ടി യുടെ ഭാഗമായായിരുന്നവർ ഇന്ന് അതിനെ എതിർക്കുന്നത് വെറും രാഷ്ട്രീയമാണ്. കേരളത്തിന്റെ ധനകാര്യ മന്ത്രി ഉൾപ്പടെയുള്ളവർ എല്ലാ ജി എസ് ടി കൗൺസിൽ യോഗത്തിലും പങ്കെടുത്തവരാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ മന്ത്രി ആദരിച്ചു. ഓ രാജഗോപാൽ എം എൽ എ, ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ, ബിജെപി സംസ്ഥാന വക്താവ് ജെ ആർ പത്മകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ്, പാപ്പനംകോട് സജി, രഞ്ജിത് കാർത്തികേയൻ, രാകേഷ് വി എം, അനിൽ പ്ലാവോട് എന്നിവർ സന്നിഹിതരായിരുന്നു.

Top