ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എതിരാളിയെ തറ പറ്റിക്കാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് ഈ സുന്ദരിയെ

രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന ഗുജറാത്ത് ഇലക്ഷനില്‍ ബിജെപി യും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമുള്ള പ്രചാരണങ്ങളില്‍ കളം നിറയുകയാണ്. എതിരാളികളെ തറ പറ്റിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇരു കക്ഷികളും. 20 വര്‍ഷത്തിലധികമായി സംസ്ഥാന ഭരണം കൈയ്യാളുന്ന ബിജെപിയില്‍ നിന്നും അധികാരം തിരിച്ച് പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാമെങ്കിലും മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.പ്രത്യേകിച്ച് പട്ടേല്‍ സമുദായത്തിന്റെ പിന്തുണയും സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ഡിസംബര്‍ 9 നാണ് വോട്ടെടുപ്പ് നടക്കുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്ന ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് ഞായറാഴ്ച വൈകുന്നേരത്തോടെ പുറത്തിറക്കിയത്.ഇക്കൂട്ടത്തില്‍ തന്റെ യുവത്വത്തിന്റെ പ്രസരിപ്പും വിദ്യാഭ്യാസ യോഗ്യതകള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ശ്വേത ബ്രഹ്മബട്ട് എന്ന 34 കാരി. മണിനഗര്‍ മണ്ഡലത്തിലാണ് ശ്വേത കോണ്‍ഗ്രസിനായി മത്സരത്തിനിറങ്ങുന്നത്. ലണ്ടനില്‍ നിന്നും എംബിഎ ബിരുദം കൈക്കലാക്കിയതിന് ശേഷം നിരവധി വിദേശ ബാങ്കുകളില്‍ സേവനമനുഷ്ഠിച്ചു. ഇത് കൂടാതെ ബാംഗ്ലൂരിലെ ഐഐഎമ്മിലെ രാഷ്ട്രീയ നേതൃത്വ കോഴ്‌സിലെ അനുഭവങ്ങള്‍.ഈ കാലയളവില്‍ പ്രദേശത്ത് നടത്തുവാന്‍ സാധിച്ചിട്ടുള്ള സാമുഹ്യ ബോധവല്‍ക്കരണ പരിപാടികള്‍, ഇവയ്‌ക്കൊക്കെ പുറമെ യുഎന്‍ ന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുള്ള യുവതി മണ്ഡലം കോണ്‍ഗ്രസിനായി താന്‍ തിരിച്ച് പിടിക്കും എന്ന ഉറച്ച് വിശ്വാസത്തിലാണ്. പ്രദേശത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ നരേന്ദ്ര ബ്രഹ്മഭട്ടിന്റെ മകളായ യുവതിക്ക് 2012 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും ശ്വേത ഇത് നിരാകരിക്കുകയായിരുന്നു.പൊതുവെ ബിജെപി യുടെ ശക്തി കേന്ദ്രമായി കണക്കാക്കപ്പെടുന്ന മണിനഗറില്‍ ശ്വേതയുടെ യുവത്വം നിറഞ്ഞ പ്രസരിപ്പും അനുഭവ സമ്പത്തും പ്രവര്‍ത്തന മേഖലകളില്‍ നേടിയ വിജയങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 40 ശതമാനത്തിലധികം സത്രീ വോട്ടര്‍മാരും യുവാക്കളും ഉള്ള മണ്ഡലം തനിക്ക് അനുകൂലമാണെന്ന പ്രതീക്ഷയിലാണ് ശ്വേതയും.

Top