ഇന്ത്യ ടുഡേ സർവേ: ഹിമാചലിൽ 68ൽ 55 സീറ്റ് ബിജെപിക്ക്. കോൺഗ്രസ് തകർന്നടിയും, 13 മുതല്‍ 20 വരെ സീറ്റുകള്‍ നേടും
ടൈംസ് നൗ: ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തും. 109 സീറ്റുകൾ വരെ നേടും. സംസ്ഥാനത്ത് കോൺഗ്രസ് നില മെച്ചപ്പെടുത്തും.
റിപ്പബ്ലിക് ടിവി: ഗുജറാത്തിൽ ബിജെപി 108 സീറ്റ് നേടും. കോൺഗ്രസ് 78 സീറ്റുകളും നേടും.
അതേസമയം തെരഞ്ഞെടുപ്പില്‍ പോളിങ് 60 ശതമാനം കടന്നു. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം.
93 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി ഈ ഘട്ടത്തിലുള്ളത്. ഉത്തരഗുജറാത്തില്‍ ആറും മധ്യഗുജറാത്തില്‍ എട്ടും ജില്ലകള്‍ ഇതില്‍പ്പെടും. 2012-ല്‍ വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും മധ്യഗുജറാത്തില്‍ ബി.ജെ.പി.യും മേല്‍ക്കൈ നേടിയിരുന്നു.
ഇതിനിടെ, വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതിയിലെ റാണിപില്‍ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തത്. 12.15 ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് മോദി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് ചെയ്ത ശേഷം വോട്ടര്‍മാര്‍ക്കുനേരെ കൈവീശിയതായും റോഡ്‌ഷോ നടത്തിയതായും കാണിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. സംഭവത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ മോദിയുള്ളപ്പോള്‍ സംസ്ഥാനത്തും ബി.ജെ.പി. ഭരിക്കുന്നതാണ് നല്ലതെന്ന പ്രായോഗികത, കോണ്‍ഗ്രസ് വന്നാല്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ഇളക്കമുണ്ടാകുമെന്ന പ്രചാരണം, വ്യവസായവത്കരണത്തിന്റെ ഗുണഭോക്താക്കളായ മധ്യവര്‍ഗത്തിന്റെ പിന്തുണ, സംഘടനാശേഷി തുടങ്ങിയ ഘടകങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വിധിയെഴുത്തുണ്ടാകാന്‍ ഇടയാക്കുമെന്ന് ബിജെപി കരുതുന്നു. അതേസമയം, കാര്‍ഷിക മേഖലയിലുള്ള അതൃപ്തി, കൂലിക്കുറവ്, പട്ടേല്‍ രോഷം, ജി.എസ്.ടി.മൂലം വ്യാപാരികളുടെ അതൃപ്തി തുടങ്ങിയ ഘടകങ്ങള്‍ ബിജെപിയ്ക്ക് തലവേദന സൃഷ്ടിക്കുന്നുമുണ്ട്.
22 വര്‍ഷത്തെ ബി.ജെ.പി. ഭരണത്തോടുള്ള മടുപ്പും ജാതിസഖ്യങ്ങളും അനുകൂലമായ അടിയൊഴുക്ക് സൃഷ്ടിച്ചതായി കോണ്‍ഗ്രസ് കരുതുന്നു. ബിജെപി വിരുദ്ധ വികാരം തങ്ങള്‍ക്ക് ഗുണകരമായി വളര്‍ത്തിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തിയത്. ഗ്രാമീണകര്‍ഷകരിലും പട്ടണങ്ങളിലെ സംരംഭകരിലുമുള്ള ഭരണവിരുദ്ധവികാരം, ഹാര്‍ദിക് പട്ടേല്‍-അല്‍പേഷ് ഠാേക്കാര്‍-മേവാനി-ഛോട്ടു വസാവ പിന്തുണ, ജനകീയമല്ലാത്ത സംസ്ഥാന ബി.ജെ.പി. നേതൃത്വം, രാഹുല്‍ഗാന്ധിക്ക് ലഭിച്ച സ്വീകാര്യത, ഹിന്ദുവിരുദ്ധരല്ലെന്ന് സ്ഥാപിക്കാനുള്ള ജാഗ്രത തുടങ്ങിയ ഘടകങ്ങളൊക്കെയാണ് അവര്‍ക്ക് പ്രതീക്ഷനല്‍കുന്നത്.