ന്യൂഡൽഹി: കോൺഗ്രസ് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനം ഗുലാം നബി ആസാദിന് നൽകാമെന്ന് സോണിയാ ഗാന്ധിയുടെ വാഗ്ദാനം നിരസിച്ച് ഗുലാം നബി ആസാദ് .സംഘടനയിലെ രണ്ടാം സ്ഥാനത്ത് പ്രവർത്തിക്കാൻ തയ്യാറാണോ എന്ന് കൂടിക്കാഴ്ചയിൽ ജമ്മു കശ്മീർ കോൺഗ്രസ് നേതാവിനോട് പാർട്ടി അധ്യക്ഷ ചോദിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ കോൺഗ്രസിൽ രണ്ടാം സ്ഥാനത്ത് പ്രവർത്തിക്കാൻ വിസമ്മതിച്ചതായി കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വൈസ് പ്രസിഡന്റായോ, വർക്കിംഗ് പ്രസിഡന്റായോ, അതോ ജനറൽ സെക്രട്ടറിയാണോ എന്ന് പാർട്ടി അധ്യക്ഷ വ്യക്തമാക്കിയിട്ടില്ല. അതേസമയം സോണിയാ ഗാന്ധിയുമായി രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ആസാദുമായുള്ള കൂടിക്കാഴ്ചയിലാണ് പാർട്ടി അധ്യക്ഷ കോൺഗ്രസിലെ രണ്ടാം സ്ഥാനം വാഗ്ദാനം ചെയ്തത്. എന്നാൽ യുവാക്കൾ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കാൻ ശ്രമിക്കുന്നില്ലെന്ന് പരിഭവമറിയിച്ച് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. സോണിയാ ഗാന്ധിയും ഗുലാം നബി ആസാദും തമ്മിലുള്ള കൂടിക്കാഴ്ച കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്നിരുന്നു.
ഇന്ന് പാർട്ടി ഭരിക്കുന്ന യുവാക്കൾക്കും നമുക്കും ഇടയിൽ ഒരു തലമുറ വിടവ് വന്നിരിക്കുന്നു. നമ്മുടെ ചിന്തകളും അവരുടെ ചിന്തകളും തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ യുവാക്കൾ തയ്യാറല്ല, എന്ന് സോണിയാ ഗാന്ധിയോട് പറഞ്ഞതായി ആസാദിനെ ഉദ്ദരിച്ച് എഎൻഐ അറിയിച്ചു.
പാർട്ടിയെ പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ൽ സോണിയ ഗാന്ധിക്ക് കത്തെഴുതുകയും അതുവഴി ‘വിമത ഗ്രൂപ്പ്’ എന്ന് അറിയപ്പെടുകയും ചെയ്ത ജി23 യുടെ മുഖമാണ് ഗുലാം നബി ആസാദ്. എന്നാൽ കോൺഗ്രസ് പുറത്തിറക്കിയ രാജ്യസഭ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ആസാദ് ഉണ്ടായിരുന്നില്ല. മുതിർന്ന നേതാവ് ആനന്ദ് ശർമ്മക്കും സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ ജി-23 അംഗങ്ങളായ മുകുൾ വാസ്‌നിക്കിനും, വിവേക് തൻഖയ്ക്കും പാർട്ടി സീറ്റ് അനുവദിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയെ രാജ്യസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം 2021ൽ വിരമിക്കുന്നതിന് മുമ്പ് സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.