ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ ചുട്ടുപൊളളുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് കുവൈത്തിലാണ് അനുഭവപ്പെട്ടത്. ജൂണ്‍ എട്ടിന് രേഖപ്പെടുത്തിയ 52.2 ഡിഗ്രി സെല്‍ഷ്യസ് ആണത്. അതേ ദിവസം സൗദിയിലെ അല്‍ മജ്മഅ് പ്രദേശത്ത് 55 ഡിഗ്രിയും രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ ഗള്‍ഫില്‍ ഇനിയും ചൂട് വര്‍ധിക്കുമെന്നാണ് പ്രവചനങ്ങള്‍.
കുവൈത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൂട് കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, വരുന്ന മൂന്നാഴ്ച സൗദിയില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജോലി സമയം ക്രമീകരിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. അതിനിടെ, ചൂട് സംബന്ധിച്ച വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുമുണ്ട്.
ചൂട് കാരണം കുവൈത്തില്‍ ബുധനാഴ്ച ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലും സൗദിയിലും ഈ മാസം 21ന് ചൂട് തരംഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഖത്തര്‍, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലും ചൂട് കൂടുകയാണ്. ഇറാഖില്‍ 55.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
ജൂലൈയില്‍ ചൂട് ഇനിയും വര്‍ധിക്കും. കുവൈത്തില്‍ 68 ഡിഗ്രി വരെ ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷകര്‍ പറയുന്നു. സൗദിയില്‍ ഈമാസം 15 മുതല്‍ വെയില്‍ നേരിട്ടുകൊള്ളുന്ന ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വരണ്ട കാലാവസ്ഥ ശക്തിപെടുകയാണ്. കുറഞ്ഞ താപനില 30 ഡിഗ്രിക്ക് മുകളിലെത്തും. സപ്തംബര്‍ വരെ സൗദിയില്‍ പകല്‍ ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ സൂര്യന്‍ നേരിട്ട് ഏല്‍ക്കുന്ന പണിയെടുപ്പിക്കാന്‍ പാടില്ല. പൊടിക്കാറ്റിനും സാധ്യത ഏറെയാണ്.
ഖത്തറില്‍ ഭരണകൂടം മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പുറംജോലികള്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 15 മുതലാണ് നിയന്ത്രണം. 48 ഡിഗ്രിക്ക് മുകളിലാണ് ഖത്തറിലെ ചൂട്. ഇരുണ്ട വസ്ത്രങ്ങള്‍ ധരിക്കരുത്, നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദേശവും ഖത്തര്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഖത്തറില്‍ വേനല്‍ ചൂട് റെക്കോര്‍ഡിലെത്തിയെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. താപനില 80 ഡിഗ്രി വരെയെത്തി എന്ന തലത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഇത് തെറ്റാണെനന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ അതേ ചൂട് തന്നെയാണ് ഇത്തവണയുമുള്ളതെന്നും അവര്‍ പറയുന്നു. പക്ഷേ ചൂട് കൂടാനുള്ള സാധ്യതയും അവര്‍ സൂചിപ്പിക്കുന്നു.