റിയാദ്:ഒരു ഗൾഫ് യുദ്ധം ഭീകരമായ ലോകമഹായുദ്ധത്തിലേക്ക് നയിക്കുമോ ? സൗദി അറേബ്യന്‍ പട്ടാളം യുദ്ധത്തിന് ഒരുങ്ങിനില്‍ക്കുന്നു .ഇതിന്റെ സൂചന വിദേശകാര്യ മന്ത്രി പുറത്തുവിട്ടു.. വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായിട്ടാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. സിറിയയിലേക്ക് സൗദി സൈന്യം പുറപ്പെടുമെന്ന സൂചനകളാണ് വരുന്നത്. അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു. അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ സൗദി സൈന്യം സിറിയയില്‍ വിന്യസിക്കപ്പെടുമെന്നും ബന്ധപ്പെട്ട ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.
സിറിയയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിദേശ സൈനിക സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഖ്യമാണ് കഴിഞ്ഞാഴ്ച സിറിയയില്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ അമേരിക്കന്‍ സൈന്യത്തെ ഉടന്‍ സിറിയയില്‍ നിന്ന് പിന്‍വലിക്കാന്‍ ട്രംപ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സൗദി സൈന്യം സിറിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമേരിക്കന്‍ ഭരണകൂടവുമായി സൗദി അറേബ്യ നടത്തിയെന്നാണ് പുതിയ വിവരം. സിറിയയിലെ വിദേശ സൈനിക സഖ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചര്‍ച്ചയെന്നും സൗദി മന്ത്രി വ്യക്തമാക്കി. സൗദി സൈന്യം സിറിയയിലേക്ക് പുറപ്പെടാമെന്ന് നേരത്തെ അമേരിക്കക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോഴും നല്‍കുന്നുണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണ് ആദ്യം സൗദി അറേബ്യ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് ഭരണകൂടത്തോടും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
റിയാദില്‍ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി സിറിയയിലേക്ക് സൈന്യത്തെ അയക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചത്. അമേരിക്കയുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുകയാണ് സൗദി അറേബ്യ. വാര്‍ത്താസമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസും സൗദി മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത് 2011ലാണ്. അന്ന് തന്നെ സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ സൗദി തയ്യാറായിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്റ് ഒബാമയുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
2016ല്‍ സിറിയയില്‍ യുദ്ധം കൊടുമ്പിരി കൊണ്ട വേളയില്‍ സൗദി സൈന്യം പുറപ്പെടാന്‍ വീണ്ടും ആലോചിച്ചിരുന്നു. ഐസിസ് ഭീകരവാദികളെ സിറിയയില്‍ നിന്ന് തുരത്താന്‍ സൈന്യം ഉടന്‍ പുറപ്പെടുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പക്ഷേ അതും പിന്നീട് മാറ്റിവച്ചു. സൗദി വ്യോമസേന 2014 മുതല്‍ സിറിയയില്‍ ഐസിസിനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. പിന്നീടാണ് കരസേനയെ കൂടി വിന്യസിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം പെട്ടെന്ന് മരവിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ കാരണം വ്യക്തമല്ല. ഇപ്പോള്‍ വീണ്ടും സൗദി സൈന്യം ഒരുങ്ങിനില്‍ക്കുകയാണ്.