തിരുവനന്തപുരം: പൊലിസിനെതിരായ സി.എ.ജിയുടെ കണ്ടെത്തലുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സി.എ.ജി റിപ്പോര്‍ട്ടില്‍ ഉടന്‍ നടപടിയുണ്ടാകില്ലെന്ന തരത്തിലായിരുന്നു എല്‍.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങള്‍. ബെഹ്റക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫ് ഹരജി നല്‍കി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇവിടെ അഴിമതി ആരോപണം നേരിടുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ഏജന്‍സ് അന്വേഷിച്ചാല്‍ നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്താനാകില്ല. അതിനാല്‍ ഡി.ജിപിക്കെതിരായ അഴിമതിയാരോപണങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് വിടണം.ഇതാണ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്.
അതേസമയം പൊലീസിന്റെ തോക്കും തിരകളും കാണാതായ സംഭവം വിവാദമായത് സർക്കാരിനും പൊലീസിനും വലിയ ക്ഷീണമായി. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി ഉണ്ട കാണാതായ സംഭവം മാറിയിരിക്കുന്ന സാഹചര്യത്തിൽ ഇതിൽ നിന്ന് എങ്ങനെ കരകയറാം എന്ന ആലോചനയിലാണ് സർക്കാർ. ആരുടെയെങ്കിലും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നാണ് സർക്കാർ നോക്കുന്നത്. ആയിരക്കണക്കിന് തോക്കും തിരകളും കാണാതായത് സി.എ.ജി കണ്ടെത്തുകയും അത് വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തുകയും ചെയ്തത് സർക്കാരിനും പൊലീസ് സേനയ്ക്ക് ആകമാനം നാണക്കേടായിരിക്കുകയാണ്.
ഡി.ജി.പി ലോക്നാഥ് ബഹ്റയിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. അതിനാൽ ബഹ്റയെ മാറ്റാനുള്ള സാദ്ധ്യതയും ഏറെയാണ്. ഈ രീതിയിലേക്കും കാര്യങ്ങൾ നീളുന്നതായാണ് അറിയുന്നത്. കാണാതായ വെടിയുണ്ടകളുടെ എണ്ണം 12,061ആയതാണ് വലിയ തലവേദനയായിരിക്കുന്നത്. ഇത്രയും ഉണ്ട എങ്ങോട്ട് പോയി എന്നതാണ് സംശയത്തിന് ഇട നൽകുന്നത്. 25 തോക്കുകളും കാണാതായത് എങ്ങനെ എന്നാണ് പൊലീസ് സേനയ്ക്കകത്തും ചോദ്യമുയരുന്നത്.അതേസമയം കേന്ദ്ര സർക്കാർ ചുമ്മാതിരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സി.ബി.എെ അന്വേഷണമടക്കംമുണ്ടാകുമോ എന്ന കാര്യവും ചർച്ചയാവുകയാണ്. പൊലീസ് സേനയ്ക്ക് ആകമാനം ഉണ്ടായിരിക്കുന്ന ഈ നാണക്കേട് എങ്ങനെ മറി കടക്കാമെന്നാണ് പൊലീസിന്റെ ഉന്നതതലപ്പത്തിലെ ചിന്ത. അതിനായി പൊലീസിലെ സംശമുളളവരെ നിരീക്ഷിക്കും.
തോക്കുകളും ഉണ്ടകളും കൈകാര്യം ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അടക്കം നിരീക്ഷിക്കും. ഒന്നു രണ്ടു ദിവസത്തിനകം പൊലീസ് ഇതിനെപ്പറ്റിയുള്ള വ്യക്തത വരുത്തും എന്നാണ് അറിയുന്നത്. അതുണ്ടായില്ലെങ്കിൽ ഉണ്ട കാണാതായതിനെപ്പറ്റി അന്വേഷണം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. സംഭവം സി.ബി.എെയെ കൊണ്ട് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.കാണാതായ ഉണ്ടകളുടെ നിലവാരം, അതിൻെറ കാലാവധി തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും വിലയിരുത്തും.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഉണ്ട വിവാദം പ്രതിപക്ഷം പ്രചരണായുധമാക്കാനുള്ള സാദ്ധ്യത കൊടുക്കാതെ സംഭവം തീർക്കാനും ആലോചനയുണ്ട്.
എന്നാൽ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എന്നാണ് അറിയുന്നത്. വീണുകിട്ടിയ ആയുധം എന്ന നിലയിൽ ഈ പ്രശ്നം ഉയർത്തിപ്പിടിച്ച് ആളിക്കത്തിക്കാനുള്ള ശ്രമവുമുണ്ട്. ഉണ്ട കാണാതായതിനെ കേന്ദ്ര സർക്കാർ ഏത് രീതിയിൽ കാണുമെന്നതാണ് സർക്കാർ നോക്കിയിരിക്കുന്നത്. ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതിൻമേൽ ഇന്തെങ്കിലും നടപടികളുണ്ടാകുമോ എന്ന ആശങ്കയും പൊലീസ് സേനയ്ക്കുണ്ട്.