ഗുണ്ടാ ആക്രമണക്കേസിൽ പ്രതിയായ ഡ്രൈവർ ഇപ്പോഴും കെ.സി ജോസഫിനൊപ്പം; കോട്ടയത്തെ ഗുണ്ടയെ ഡ്രൈവറാക്കിയ കെ.സിക്കെതിരെ പ്രതിഷേധവുമായി ആക്രമണത്തിനിരയായ കുടുംബങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴിയിൽ വീട് കയറി ആക്രമണം നടത്തുകയും, ഓട്ടോ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ഇപ്പോഴും കെ.സി ജോസഫിന്റെ ഡ്രൈവറായി തുടരുന്നു. വസ്തു തർക്കത്തെ തുടർന്നു യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ വ്യക്തിയാണ് ഇപ്പോഴും കെ.സി ജോസഫിന്റെ സഹായിയായി തുടരുന്നത്. കഴിഞ്ഞ ദിവസം ഇരിക്കൂറിൽ പ്രചാരണത്തിനെത്തിയപ്പോഴും കെ.സി ജോസഫിനൊപ്പം ഈ ഗുണ്ടാ ഡ്രൈവറുമുണ്ടായിരുന്നു. വധശ്രമം അടക്കം പന്ത്രണ്ടിലേറെ കേസുകളിൽ പ്രതിയായ ഡ്രൈവറെ പല കേസുകളിൽ നിന്നും രക്ഷിച്ചിരുന്നതും കെ.സി ജോസഫ് തന്നെയായിരുന്നു.
കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ യുവാവാണ് പത്തു വർഷം മുൻപ് കെ.സി ജോസഫിന്റെ ഡ്രൈവറായി ജോലിയിൽ ചേർന്നത്. കെസി ജോസഫുമായുള്ള അടുപ്പം മുതലെടുത്ത് ഗുരുതരമായ അഴിമതികളും, അക്രമങ്ങളും ഇയാൾ നടത്തിയിരുന്നു. ഇയാളുടെ മകനും സഹപാഠികളും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട്, മകന്റെ സഹപാഠിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ് മൂന്നു വർഷം മുൻപാണ് ഇയാൾ ആദ്യം മാധ്യമ ശ്രദ്ധയിൽ വരുന്നത്. സ്‌കൂൾ കുട്ടികൾ തമ്മിലുള്ള തർക്കവും സംഘർഷത്തിനെയും തുടർന്ന് ഇയാൾ പൊലീസുമായെത്തി കുട്ടികളെ വീട്ടിൽ കയറി ആക്രമിക്കുകയും അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു.
എന്നാൽ, മന്ത്രി കെ.സി ജോസഫ് ഇടപെട്ടതോടെ കേസിൽ നിന്നും ഇയാൾ വിദഗ്ധമായി രക്ഷപെട്ടു. പിന്നീട്, വസ്തു തർക്കത്തെ തുടർന്നു ഓട്ടോ ഡ്രൈവറുടെ തലയടിച്ചു പൊളിച്ച കേസിലാണ് ഇയാൾ കുടുങ്ങിയത്. എന്നാൽ, സംഭവം നടക്കുമ്പോൾ മന്ത്രിയുടെ വാഹനം ഓടിക്കുകയായിരുന്നു എന്നു റിപ്പോർട്ട് നൽകി പൊലീസ് ഇയാളെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
ഇതേ പ്രതി തന്നെയാണ് ഇരിക്കൂറിൽ തിരഞ്ഞെടുപ്പിലെ പ്രചാരണയോഗങ്ങളിലെല്ലാം മന്ത്രി കെ.സി ജോസഫിനൊപ്പം പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി ജോസഫിനെതിരെ പ്രചാരണത്തിനു ഈ ആക്രമണത്തിനു വിധേയരായ കുടുംബങ്ങൾ ഇറങ്ങാൻ ഒരുങ്ങുകയാണ്. ഒരാഴ്ച മാത്രം തിരഞ്ഞെടുപ്പിനു ശേഷിക്കെ കെ.സി ജോസഫിനെ ഡ്രൈവറുടെ ആക്രമണത്തിനിരയായ കുടുംബങ്ങൾ പ്രചാരണത്തിനിറങ്ങുന്നതു യുഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top