അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം; തന്ത്രി കുടുംബത്തിൽ അഭിപ്രായ ഭിന്നത

ഗുരുവായൂർ ക്ഷേത്ര തന്ത്രി കുടുംബത്തിൽ അഭിപ്രായ ഭിന്നത. അഹിന്ദുക്കളായ വിശ്വാസികളുടെ പ്രവേശനം സംബന്ധിച്ചണ് ഇപ്പോൾ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിരെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാട് വലിയ ചർച്ചയായതിന് പിന്നാലെയാണ് മറ്റ് കുടുംബാംഗങ്ങൾ പത്രക്കുറിപ്പിറക്കി കൂട്ടായ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അനുകൂല നിലപാട് മറ്റുള്ളവർ തള്ളി. അനുകൂല നിലപാട് വ്യക്തമാക്കിയത് അദ്ദേഹം വ്യക്തിപരമായാണ്. അത് ഞങ്ങളുടെ കുടുംബത്തിന്റെ കൂട്ടായ തീരുമാനം അല്ലെന്നും തന്ത്രി കുടുംബം പറഞ്ഞു. എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറും. ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥന സര്‍ക്കാരാണ്. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരമെന്നും സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞിരുന്നു. അതേസമയം ക്ഷേത്രത്തിന്റെ പ്രധാന തന്ത്രി അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശന വിഷയത്തിൽ അനുകൂല നിലപാട് എടുത്തിട്ടില്ലെന്നും മറ്റ് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ പുരോഗമനപരമായ കാഴ്ച്ചപാട് വ്യക്തമാക്കിയ തന്ത്രി ശ്രീ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം മുന്നോട്ട് വെച്ച അഭിപ്രായത്തിന് ഈ കാലത്ത് പ്രസക്തി ഏറെയുണ്ടെന്നുള്ള മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരഞ്ഞിരുന്നു. ക്ഷേത്ര പ്രവേശനത്തിന് എല്ലാ ജാതിക്കാര്‍ക്കും അവകാശം ലഭിക്കുന്നതിനുവേണ്ടി ഐതിഹാസികമായ സമരം നടത്തിയാണ് ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം ലഭിച്ചത്. ഇന്ന് ആ ചരിത്രമൊക്കെ പലരും വിസ്മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഗുരുവായൂരപ്പ ഭക്തനാണെന്ന് തുറന്നുപറഞ്ഞിട്ടും ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് മുമ്പില്‍ അടഞ്ഞുകിടക്കുന്ന ഗോപുരവാതിലുകള്‍ തുറക്കട്ടെയെന്ന ആഗ്രഹം എത്രയോ ഹിന്ദുമത വിശ്വാസികള്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു. തൊട്ടുകൂടായ്മയും തീണ്ടലുമൊക്കെ എത്രമാത്രം അനാചാരമായിരുന്നുവെന്ന് ഇന്ന് പിന്തിരിഞ്ഞ് ആലോചിക്കുമ്പോള്‍ നമുക്ക് മനസിലാകും. അതുപോലെ തന്നെയാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന കറുത്ത ബോര്‍ഡും എന്ന് എല്ലാവരും തിരിച്ചറിയണം. ശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കും. എത്രയോ കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന ആവശ്യമാണിത്. അന്നൊക്കെ, ആചാരപ്രശ്നങ്ങള്‍ പറഞ്ഞ് കലാപക്കൊടി ഉയര്‍ത്തിയവര്‍ക്ക് തക്കതായ മറുപടി ഒരു തന്ത്രി തന്നെ നല്‍കിയത് പുരോഗമന കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top