6 വര്‍ഷത്തിന് ശേഷം പാക് ജയിലില്‍ നിന്നും അന്‍സാരിക്ക് മോചനം; കേന്ദ്രമന്ത്രിയുമൊത്ത് വികാര നിര്‍ഭരമായ നിമിഷങ്ങള്‍

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് 6 വര്‍ഷമായി പാക്കിസ്ഥാനില്‍ ജയിലിലായിരുന്നു മുംബൈ സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഹമീദ് നിഹാല്‍ അന്‍സാരി (33). കേന്ദ്ര സര്‍ക്കാരിന്റെ ശ്രമഫലമായി 6 വര്‍ഷത്തിനുശേഷമാണു മോചിതനായി. പുലര്‍ച്ചെ ജയില്‍ മോചിതനായ അന്‍സാരിയെ കുടുംബവും ഇന്ത്യന്‍ സേനാ ഉദ്യോഗസ്ഥരും വാഗാ അതിര്‍ത്തിയില്‍ സ്വീകരിച്ചു.

വികാര നിര്‍ഭരമായിരുന്നു ആ രംഗങ്ങള്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഫൗസിയ മകനെ കാണുന്നത്, പാക്ക് ജയിലില്‍നിന്ന് മാതൃരാജ്യത്തെത്തിയ മകനൊപ്പം കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിക്കുകയായിരുന്നു ഫൗസിയയുടെ ആദ്യ ലക്ഷ്യം. വികാരസാന്ദ്രമായ വേളയില്‍, മാതൃവാത്സല്യത്തോടെ സുഷമ സ്വരാജ് ഹമീദ് നിഹാല്‍ അന്‍സാരിയെ ചേര്‍ത്തുപിടിച്ചു, വിശേഷങ്ങള്‍ തിരക്കി. അന്‍സാരിയെ ഹൃദ്യമായി സ്വരാജ്യത്തേക്കു സ്വാഗതം ചെയ്ത സുഷമ, അദ്ദേഹത്തെ സാന്ത്വനിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാത്തിനും സാക്ഷിയായ ഫൗസിയ സുഷമയുടെ കൈപിടിച്ചു. രണ്ടുപേരും മുഖത്തോടു മുഖംനോക്കി ആര്‍ദ്രമായി സംസാരിച്ചു. നിറകണ്ണുമായി ഫൗസിയ സുഷമയെ സ്‌നേഹാലിംഗനം ചെയ്തു. ഫൗസിയയുടെ ഹൃദയത്തില്‍നിന്നു നന്ദി വാക്കുകള്‍: ‘എന്റെ ഭാരതം ഗംഭീരം, എന്റെ മാഡം (സുഷമ) അതിഗംഭീരം! എല്ലാം ചെയ്തുതന്നതു മാഡമാണ്.

ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ അന്‍സാരി കുടുംബത്തോടൊപ്പം രാജ്യത്തെ വന്ദിച്ചു. ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കണ്ടു നന്ദി പറയാനാണു അന്‍സാരിയും ഫൗസിയയും എത്തിയത്. സുഷമയുമായുള്ള കുടുംബത്തിന്റെ കൂടിക്കാഴ്ചയുടെ വിഡിയോ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ജോലിയുമായി ബന്ധപ്പെട്ട് 2012 ല്‍ അഫ്ഗാനിലെ കാബൂളിലേക്കു പോയ അന്‍സാരിയെ പിന്നീട് കാണാതായി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പാക്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും താല്‍പര്യമില്ലാത്ത വിവാഹത്തില്‍നിന്നു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പാക്കിസ്ഥാനിലെത്തിയെന്നും വാര്‍ത്ത വന്നു. അനുമതിയില്ലാതെ അതിര്‍ത്തി കടന്നെന്നും ചാരവൃത്തിയാണ് ഉദ്ദേശ്യമെന്നും ആരോപിച്ചു പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു.
സൈനിക കോടതി അന്‍സാരിയെ 3 വര്‍ഷം തടവിനു ശിക്ഷിച്ചു. ശിക്ഷാകാലാവധി തീര്‍ന്നിട്ടും മോചനം നടന്നില്ല. അന്‍സാരിയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. ഇന്ത്യന്‍ ചാരനാണ് അന്‍സാരിയെന്ന നിലപാട് പാക്കിസ്ഥാന്‍ തുടര്‍ന്നു. 96 തവണ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാക്കിസ്ഥാനുമായി ബന്ധപ്പെട്ടാണു മോചനം സാധ്യമാക്കിയത്.

Top