ഹരിപ്പാട് മെഡിക്കല്‍ കോളേജ്; നിലം നികത്തിയത് നിയമാനുസൃതം. സ്വകാര്യ മെഡിക്കല്‍ കോളേജ് എന്ന വാദം ശരിയല്ല: ചെന്നിത്തല

തിരു: നിര്‍ദ്ധിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളേജ് സ്വകാര്യ മെഡിക്കല്‍
കോളേജ് ആണെന്ന വാദം ശരിയല്ലെന്നും നിലംനികത്തിയത്  നിയമാനുസൃതമാണെന്നും
ഹരിപ്പാട് എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.
പൊതു-സ്വകാര്യ (പി.പി.പി. മോഡല്‍) പങ്കാളിത്തത്തോടും പ്രവാസികളുടെ
സഹായത്തോടും കൂടിയുള്ളതാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജ്. നെടുമ്പാശേരി
സിയാല്‍ വിമാനത്താവളത്തിന്റെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും
മാതൃകയിലാണ് കോളേജിന്റെ  ഭരണസംവിധനത്തിന് രൂപം നല്‍കിയത്.അല്ലാതെയുള്ള
വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇതു സംബന്ധിച്ചുള്ള മന്ത്രിമാരായ ഡോ. തോമസ്
ഐസക്കിന്റെയും കെ.കെ. ഷൈലജ ടീച്ചറുടെയും പ്രതികരണങ്ങള്‍ കാര്യങ്ങള്‍
പഠിക്കാതെയുള്ളതാണ്.
2012 മാര്‍ച്ച് 19 ലെ ബജറ്റിലാണ് പൊതു-സ്വകാര്യ മേഖലയില്‍ കോളേജിനെ
സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.് 26 ശതമാനം പങ്കാളിത്തം സര്‍ക്കാരിനും
മറ്റുള്ളവ പൊതു-സ്വകാര്യ മേഖലയ്ക്കുമാണ്. സര്‍ക്കാരിന്റെ
നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് കോളേജ് പ്രവര്‍ത്തിക്കുക.
കോളേജിന്റെ ഗവേണിംഗ് ബോഡിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി ആയിരിക്കും.
സ്ഥലമെടുപ്പിനായി 15 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ലഭ്യമാക്കിയത്. 27
ഏക്കര്‍ സ്ഥലമാണ് കോളേജിന് ഏറ്റെടുക്കുന്നത്. ഇതിന്റെ ഒരു ഭാഗം
നിലമായതിനാലാണ് സര്‍ക്കാര്‍ നിലം നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇതില്‍ വഴിവിട്ട കാര്യങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്
ഉണ്ടായിട്ടില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരക്കുന്നവര്‍ തെറ്റിധാരണ
പരത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ശരിയല്ല. ഹരിപ്പാട്
മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍തീരുമാനമെടുക്കാന്‍ പുതിയ
സര്‍ക്കാരിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല
പത്രക്കുറിപ്പില്‍ പറഞ്ഞു.

Top