കൊച്ചി:വീണ്ടും കുട ചൂടല്‍ വിവാദം . ഐ.എസ്.എല്‍. മത്സരത്തിനിടെ ഉന്നത ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ കീഴുദ്യോഗസ്‌ഥനെക്കൊണ്ട് കുട ചൂടിപ്പിച്ചതാണിപ്പോള്‍ വിവാദമായിരിക്കുന്നത് . മുന്‍പ് കുട ചൂടല്‍ വിവാദത്തില്‍ ആലുവ റൂറല്‍ എ.എസ്.പി ആയിരുന്ന മെറിന്‍ ജോസഫ് ഐ.പി.എസിനു വകുപ്പുതല നടപടി നേരിടേണ്ടി വന്നിരുന്നതിനു പിന്നാലെ ആണ് പുതിയ വിവാദം .കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഹരിശങ്കറിന്റെ നടപടിയാണ് വിവാദത്തിനു തുടക്കമിട്ടത്. ഔദ്യോഗിക വാഹനത്തില്‍ കുടയുമായി ഇറങ്ങിയ ഡി.സി.പി. പിന്നീട് തന്റെ കീഴുദ്യോഗസ്‌ഥനു കുട കൈമാറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് മഴ മാറുന്നതുവരെ പോലീസ് കോണ്‍സ്‌റ്റബിള്‍ ഡി.സി.പിയെ കുട ചൂടിക്കേണ്ടി വന്നു. നിരീക്ഷണത്തിനായി സ്‌റ്റേഡിയത്തിനു പുറത്തുകൂടി പലവട്ടം വലംവെച്ചതായും മറ്റു പോലീസുകാര്‍ ആക്ഷേപം ഉന്നയിച്ചു. കീഴുദ്യോഗസ്‌ഥരോട് കര്‍ക്കശ നിലപാടെടുക്കുന്ന ആളാണ് ഹരിശങ്കര്‍. ജോലിയില്‍ വിട്ടുവീഴ്‌ചക്കു തയാറല്ലാത്ത ഡി.സി.പിയുടെ പുതിയ നിലപാട് പോലീസ് ഉദ്യോഗസ്‌ഥര്‍ തന്നെയാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.