ഹാരിസണ്‍ പ്ലാന്റേഷന്‍ അനധികൃതമായി 75000-ളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നു.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

തിരുവനന്തപുരം :ഹാരിസണ്‍ ഭൂമി വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചു.ഹാരിസണ്‍ പ്ലാന്റേഷന്‍ അനധികൃതമായി എഴുപത്തി അയ്യായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുകയാണെന്നാണ് മനസിലാക്കുന്നത്. ഹാരിസണ്‍ നടത്തിയ ഭൂമി കൈയ്യേറ്റത്തില്‍ സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം ഐ.എ.എസ്. സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരൂമാനമെടുത്തിട്ടില്ല. ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയെല്ലാം ബ്രിട്ടീഷ് കമ്പനികളുടെ പേരിലുള്ളതാണ്. ഇപ്പോള്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ യഥാര്‍ത്ഥ ഉടമകളായ വിദേശ കമ്പനികള്‍ പിരിച്ചുവിട്ടതായി മനസിലാക്കുന്നു.
വിദേശ കമ്പനികള്‍ സര്‍ക്കാര്‍ വക സ്ഥലം കൈയ്യടക്കി വച്ചിരിക്കുന്നത് റിസര്‍വ് ബാങ്ക്-ഫെറ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സി.ബി.ഐ. അന്വേഷണം മുന്നില്‍ കണ്ട് തെളിവ് നശിപ്പിക്കാനാണ് ഹാരിസണുമായി ബന്ധപ്പെട്ട വിദേശ കമ്പനികള്‍ പിരിച്ചുവിട്ടത്. മലയാളം പ്ലാന്റേഷന്‍ ഹോള്‍ഡിംഗ് കമ്പനിയും ആമ്പിള്‍ ഡൗണ്‍ കമ്പനിയുമാണ് പിരിച്ചുവിട്ടതായി അറിയുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ബ്രിട്ടീഷ് കമ്പനിയുടെ വെബ്‌സൈറ്റില്‍ വന്നു കഴിഞ്ഞു.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാന്‍ കാലതാമസം വരുത്തിയത് ഹാരിസണ്‍ കമ്പനിയെ സഹായിക്കാനാണെന്ന് വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രി തന്നെ ഹാരിസണുമായി രഹസ്യചര്‍ച്ച നടത്തിയതായ മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. തങ്ങള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും നികുതിയടയ്ക്കാന്‍ അനുമതി നല്‍കണമെന്നും തങ്ങള്‍ക്കെതിരായ നടപടികളില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹാരിസണ്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന മാധ്യമവാര്‍ത്തകളും കാണുകയുണ്ടായി.
തൊഴില്‍ വകുപ്പ് മന്ത്രി ഹാരിസണിന് അനുകൂലമായ നിലപാട് എടുത്തുവെന്ന വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നു. ഹാരിസണ്‍ വക റബര്‍ തോട്ടങ്ങളിലെ പ്രായമായ മരങ്ങള്‍ മുറിച്ചുമാറ്റി റീ-പ്ലാന്റ് ചെയ്യുന്നതിന് നിലവിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നും ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തൊഴില്‍ വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായി അറിയുന്നു.സ്വകാര്യവ്യക്തികള്‍ കൈയ്യടക്കി വച്ചിരിക്കുന്ന 5 ലക്ഷം ഹെക്ടര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനാവശ്യമായ അടിയന്തിരനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അതുപോലെ ഹാരിസണ്‍ പ്ലാന്റേഷന്‍ ഉള്‍പ്പടെയുള്ളവര്‍ കൈയ്യടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെടണം.കൈയ്യേറ്റ ഭൂമികളുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വകാര്യ വ്യകതികള്‍ സമ്പാദിച്ചിരിക്കുന്ന സ്റ്റേ നീക്കിക്കിട്ടുന്നതിന് ആവശ്യമായ നിയമനടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ഹാരിസണ്‍ ഉള്‍പ്പടെയുള്ള സ്വകാര്യ കമ്പനികളും വ്യക്തികളും കൈയ്യടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ മനപ്പൂര്‍വ്വമായ വീഴ്ച സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് വന്നതായി കാണുന്നുണ്ട്. ഈ സ്വകാര്യ വ്യക്തികളും കമ്പനികളുമായി സര്‍ക്കാര്‍ ഒത്തു കളിക്കുന്നു എന്ന ആക്ഷേപം ബലപ്പെടുത്തുന്ന നിലപാടാണ് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹാരിസണ്‍ ഉള്‍പ്പടെയുള്ളവര്‍ അനധികൃതമായി കൈയ്യടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകരുതെന്നും അഭ്യര്‍ത്ഥിക്കുന്നു എന്നും സുധീരന്‍ കത്തില്‍ പറയുന്നു

Top