
കൊച്ചി: ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ ആക്രമണങ്ങളിലും ദേശീയ പണിമുടക്കിനെ തുടര്‍ന്നുണ്ടായ ട്രെയിന്‍ തടയലിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ നിരവധി. എന്നാല്‍ കേസുകളില്‍ ഉള്‍പ്പെട്ടതെല്ലാം വിവിധ പാര്‍ട്ടികളിലെ അണികള്‍ മാത്രം. നേതാക്കന്മാര്‍ സുരക്ഷിതര്‍.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു കേരളത്തില്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2,012 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 10,561 പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ സംഘപരിവാര്‍ സംഘടനകളില്‍പെട്ടവര്‍ 9,489. മറ്റുള്ളവര്‍ 1,072.
ഹര്‍ത്താലുമായി ബന്ധപ്പെട്ടു മാത്രമുണ്ടായ വിവിധ അക്രമ സംഭവങ്ങളില്‍ 1,137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞു. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ഏഴു പോലീസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റിലായി.
മൂന്നിനു നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്. ഇതെല്ലാം ഈടാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രതികളില്‍ ഭൂരിപക്ഷവും സംഘപരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരായതുകൊണ്ടു സര്‍ക്കാരിനും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമാണ്.എന്നാല്‍ ഇതിലെല്ലാം നേതാക്കളെക്കാള്‍ അണികളാണ് കുടുങ്ങുന്നത്. ദേശീയ പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷന്റെ കീഴില്‍ രണ്ടായിരത്തിലധികം പേരാണ് കേസില്‍ പ്രതിയായത്. ഇതില്‍ എല്‍ഡിഎഫ്, യുഡിഎഫ് അനുഭാവികളാണ് കൂടുതലായിട്ടുള്ളത്. കേന്ദ്രത്തിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള റെയില്‍വേയും ശക്തമായ നിലപാടുമായി മുന്നോട്ടുപോകുകയാണ്.