ചണ്ഡിഗഡ് :ഹരിയാന മുഖ്യമന്ത്രിയുടെ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‍ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്ന പരാമര്‍ശം വിവാദമായതിനെത്തുടര്|ന്ന് പിന്‍വലിച്ചു.അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഓഫിസ് പ്രസ്ഥാവനയിറക്കി. പശുവെന്നത് ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുസ്‌ലിംകള്‍ക്ക് ബീഫ് ഉപേക്ഷിച്ച് ഇന്ത്യയില്‍ ജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എല്ലാവരെയും ബഹുമാനിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ജവഹര്‍ യാദവ് അറിയിച്ചു. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം വാക്കുകള്‍ മുഖ്യമന്ത്രിയുടെ വായില്‍ തിരുകിക്കയറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞിട്ടില്ല, യാദവ് വ്യക്തമാക്കി.
ദാദ്രി സംഭവം തെറ്റിദ്ധാരണ മൂലം ഉണ്ടായ തെറ്റാണെന്നും ഖട്ടര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുഭാഗത്തും തെറ്റുപറ്റി. പശു, ഭഗവത്ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളാണ് അതിന് പ്രശ്നങ്ങളുണ്ടാവാതെ മുസ്‍ലിംകള്‍ സൂക്ഷിക്കണമെന്നും ഖട്ടര്‍ പറഞ്ഞു.
ദാദ്രി സംഭവത്തെയും ബീഫ് വിവാദത്തെയും കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി നേതാവ് കൂടിയായ ഖട്ടര്‍ വിവാദ പരാമര്‍ശം നടത്തിയത്.
ഇന്ത്യ ജനാധിപത്യ രാജ്യമാണ്. എല്ലാവര്‍ക്കും അവരുടെ അവകാശങ്ങളുമുണ്ട്,എന്നാല്‍ അതു മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ആകരുത്. ഇക്കാര്യങ്ങളില്‍ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും അധികാരം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‍ലിംകള്‍ക്ക് ബീഫ് കഴിക്കാതെ ജീവിച്ചുകൂടെയെന്നു ചോദിച്ച അദ്ദേഹം മുസ്‍ലിംകള്‍ ബീഫ് കഴിക്കണമെന്ന് എവിടെെയങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്നും ചോദിച്ചു.