ഛണ്ഡീഗഡ്: സ്വന്തം മക്കള്‍ക്കൊപ്പം ഒരു മടിയുമില്ലാതെ പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന എംഎല്‍എ. 38കാരനായ എം.എല്‍.എ കുല്‍വന്ത് രാം ബസിഗറാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്. ഇതാണ് ശരിയായ മത്സരം, എംഎല്‍എ അല്‍പം പേടിയിലാണ്. മക്കളെക്കുറിച്ചല്ല കുല്‍വന്തിന്റെ പേടി, തന്റെ പരീക്ഷയുടെ കാര്യമോര്‍ത്താണ് കുല്‍വന്തിന് പേടി.
ഹരിയാനയിലെ ഗുല്‍ഹായില്‍ നിന്നുള്ള ഈ എം.എല്‍.എ തന്റെ രണ്ട് മക്കള്‍ക്കൊപ്പമാണ് പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതുന്നത്. മകന്‍ സാഹെബിനും ദത്തു പുത്രി സീരറ്റിനും ഒപ്പമാണ് എം.എല്‍.എയുടെ പരീക്ഷ എഴുത്ത്. പന്ത്രണ്ടാം ക്ലാസ്സിലെ നാല് പരീക്ഷകള്‍ ഇതിനോടകം കഴിഞ്ഞു. അഞ്ചാമത്തെതും അവസാനത്തേതുമായ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ എം.എല്‍.എ.
ഹരിയാന സര്‍ക്കാരിന്റെ നിയമമനുസരിച്ച് പഞ്ചായത്ത്- മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സാണ്. എന്നാല്‍ ഭാവിയില്‍ എം.എല്‍.എമാര്‍ക്ക് ഇത് പന്ത്രണ്ടാം ക്ലാസ്സ് ആക്കിയാലോ എന്നുള്ളതിനാലാണ് പരീക്ഷയെഴുതുന്നതെന്ന് കുല്‍വന്ത് പറയുന്നു. നേരത്തെ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചതിനാല്‍ കൃത്യസമയത്ത് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് കുല്‍വന്ത് പറയുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതോടെ സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ പരിഹാരം കാണാനാവുമെന്നാണ് എം. എല്‍.എയുടെ പ്രതീക്ഷ. തന്റെ അടുത്ത ലക്ഷം ബി.എയും എല്‍.എല്‍.ബിയും എടുക്കണമെന്നതാണെന്നും അദ്ദേഹം പറയുന്നു. ഒരു എം.എല്‍.എ ആയതിനുശേഷമാണ് തനിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്. അതോടെ ഞാന്‍ പഠനം പൂര്‍ത്തിയാക്കുമെന്ന് പ്രതിഞ്ജ എടുത്തുവെന്നും അദ്ദേഹം പറയുന്നു.